ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രളയ ദുരിതാശ്വാസ സഹായം വിതരണം ആരംഭിക്കാത്തതിൽ പ്രതിഷേധം. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായ വിതരണം പാതിയോളം പേർക്കും ലഭിച്ചിട്ടും കടുങ്ങല്ലൂരിൽ വിതരണം ആരംഭിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.
റവന്യു-പഞ്ചായത്ത് അധികൃതരുടെ വീഴ്ചയാണ് കടുങ്ങല്ലൂരിൽ ദുരിതാശ്വാസ ഫണ്ട് വിതരണം ആരംഭിക്കാത്തതിനു പിന്നിലെന്നാണ് ആക്ഷേപം. വെള്ളം കയറിയതിനെത്തുടർന്ന് വീട് വൃത്തിയാക്കുന്നതിനും മറ്റുമായി അയൽവാസികളിൽനിന്നു കടം വാങ്ങിയവർ ഈ പണം പോലും മടക്കി നൽകാനാകാതെ വിഷമിക്കുകയാണ്.
അക്കൗണ്ടിൽ പണം എത്തിയെന്ന് ജില്ലാ അധികാരികൾ അറിയിച്ചതോടെ പ്രളയബാധിതർ ആശയക്കുഴപ്പത്തിലാണ്. വിവരങ്ങൾ തിരക്കിയെത്തുന്നവരോട് വില്ലേജ് അധികാരികൾ പലതരത്തിൽ ന്യായങ്ങൾ നിരത്തി ഒഴിവാക്കുകയാണ്.
ഇതേത്തുടർന്ന് യുഡിഎഫ് പ്രതിനിധികളായ പഞ്ചായത്തംഗങ്ങൾ കടുങ്ങല്ലൂർ വില്ലേജ് ഓഫീസറെ ഉപരോധിച്ചു. ചർച്ചയിൽ രണ്ടുദിവസത്തിനകം അക്കൗണ്ടിൽ പണം എത്തിച്ചേരുമെന്ന് തഹസിൽദാർ ഉറപ്പ് നൽകിയതായി പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ് അറിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ജെ. ടൈറ്റസ്, ടി.കെ. ജയൻ, ഏലൂർ മുൻ നഗരസഭാ ചെയർമാൻ പി.എം. അയൂബ് എന്നിവർ നേതൃത്വം നൽകി.