വൈപ്പിൻ: വിവാഹ വാഗ്ദാനം നടത്തി പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ കാമുകനെയും ഇയാളുടെ സുഹൃത്തിനെയും റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ മേത്തല കൂളിയാട്ട് വൈഷ്ണവ്(22), സുഹൃത്ത് ആലങ്ങാട് ഓളാട്ട് പുറത്ത് നിക്സണ്(22) എന്നിവരെയാണ് ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
നായരന്പലത്തുനിന്നു ചൊവ്വാഴ്ച പുലർച്ചെ നിക്സന്റെ ബൈക്കിൽ കാമുകനായ വൈഷ്ണവാണ് പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയത്. വീട്ടുകാരുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കായംകുളത്ത് നിന്ന് ബാലികക്കൊപ്പമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ പോലീസിനെ കുഴപ്പിക്കാനായി തങ്ങൾ മുംബൈക്ക് പോകുകയാണെന്ന് ബാലിക അടുത്ത സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. ഇതോടെ ബാലികയുടെ മൊബൈൽ നന്പർ ഫോളോ ചെയ്ത് അന്വേഷണം നടത്തി വന്ന പോലീസ് ആ വഴിക്കായി അന്വേഷണം.
എന്നാൽ ഇവർ മുംബൈക്ക് പോയില്ല. പകരം രണ്ടാം പ്രതിയും വൈഷ്ണവിന്റെ സുഹൃത്തുമായ നിക്സണ് വഴി എറണാകുളത്ത് താമസിക്കുകയും അവിടെ നിന്നും തിരുവനന്തപുരത്തേക്ക് പോകാൻ പദ്ധതിയിടുകയുമായിരുന്നു. ഇതിനിടെ പോലീസിനു നിക്സന്റെ നന്പർ ലഭിച്ചു. ഈ നന്പർ ഫോളോ ചെയ്ത് പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കുന്നതിനിടയിലാണ് കായംകുളത്ത് വെച്ച് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്.
തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബസിൽവച്ച് ബാലികയും വൈഷ്ണവും തമ്മിൽ തർക്കം ഉണ്ടായതിനെ തുടർന്ന് കണ്ടക്ടർ ഇവരെ പോലീസിലേൽപ്പിക്കുകയായിരുന്നു. ഞാറക്കലെത്തിച്ചശേഷം വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ബാലികക്ക് ലൈംഗീക പീഡനം നടന്നിട്ടില്ലെന്നതിനാൽ കടത്തിക്കൊണ്ട് പോകലിന് കേസെടുത്ത് പോലീസ് കോടതിയിൽ ഹാജരാക്കുകയാണ് ചെയ്തത്.
ബാലികയെ കോടതി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. ഞാറക്കൽ സിഐ എം.കെ. മുരളിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ആർ. രഗീഷ്കുമാർ, സംഗീത് ജോബ്, എഎസ്ഐ ഹരി എന്നിവരാണ് കേസ് അന്വേഷിച്ചത്.