സെബി മാളിയേക്കൽ
കൊടുങ്ങല്ലൂർ: “ഒറ്റ ദിവസംകൊണ്ട് എല്ലാം തകർന്നുപോയി… സാറേ, ഒരാഴ്ചകൂടി കഴിഞ്ഞിട്ട് പിടിക്ക്യാന്ന് വച്ചതാ. 119 ദിവസം പ്രായമായ നാലു ടണ്‍ വനാമി ചെമ്മീനാ പോയത്. ഇനി എന്തുചെയ്യൂന്ന് ഒരു എത്തുംപിടീം ഇല്ല്യ’. ദുരന്തം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഇന്നലെയുണ്ടായ ആഘാതത്തിലെന്നപോലെ തളർന്നിരുന്ന് ഉണ്ണിയേട്ടൻ പറഞ്ഞു. മഹാപ്രളയം കൊടുങ്ങല്ലൂർ നാരായണമംഗലം നയ്ക്കുളം കാട്ടുപറന്പിൽ ഉണ്ണികൃഷ്ണനു സമ്മാനിച്ചത് 21 ലക്ഷം രൂപയുടെ നഷ്ടമാണ്.
കഴിഞ്ഞ 18 വർഷമായി ചെമ്മീൻകൃഷി ചെയ്തുവന്നിരുന്ന ഈ മത്സ്യകർഷകൻ ലാഭമില്ലാതായപ്പോഴാണ് ഒന്നരവർഷം മുന്‍പ് കാരച്ചെമ്മീനിൽനിന്നും വനാമി ചെമ്മീനിലേക്കു മാറിയത്. ആദ്യ രണ്ടു തവണ തരക്കേടില്ലാത്ത വിളവുലഭിച്ചു. ആദ്യ തവണ കിലോയ്ക്ക് 500 രൂപ ലഭിച്ചപ്പോൾ പിറ്റേത്തവണ 400 രൂപ വീതമേ ലഭിച്ചുള്ളൂ. ഇത്തവണ കിലോയ്ക്ക് 400 രൂപയേ മാർക്കറ്റുള്ളൂ. ഓണത്തിനുമുന്പായി വിളവെടുക്കാമെന്നു കരുതിയിരിക്കുകയായിരുന്നു.
“സാധാരണ നാലുമാസാണ് വളർച്ചാ കാലാവധി. കണക്കുംപ്രകാരം ഒരു ദിവസേ ബാക്കിണ്ടായ്ര്ന്നുള്ളൂങ്കിലും ഒരല്പംകൂടി വലുപ്പം വയ്ക്കാന്ണ്ടാർന്നു. അതോണ്ട് ഓണത്തിനുമുന്പായി പിടിക്ക്യാന്ന്വച്ചു. ഇനിപ്പോ പറഞ്ഞിട്ട്ന്താ കാര്യം. തീറ്റ വാങ്ങ്യോടത്ത് ആറുലക്ഷം, കൈവായ്പ അഞ്ചാറു പേര്ടേന്നായി നാല് – നാലര ലക്ഷം, ഒക്കെ ഇതങ്ങ്ട് പിടിക്കുന്പം കൊടുക്കാന്നാ വിചാരിച്ച്യേ.
ഒക്കെ തകർത്തില്ലേ…’ ഉണ്ണികൃഷ്ണൻ നെടുവീർപ്പിട്ടുകൊണ്ടു പറഞ്ഞു.”15നു വെളുപ്പിനു മൂന്നുമണിയോടെ വെള്ളം പൊന്തണ കണ്ടപ്പോ ഷെഡിൽ കിടന്നിരുന്ന ഞാനും കൂട്ടുകാരൻ ശശിയും എഴുന്നേറ്റു. പോണ്ടിലേക്ക് വെള്ളം കയറാനിടയ്ണ്ട്ന്ന് തോന്നി. നേരം വെളുത്തപ്പോ കൂട്ടുകാരെ വിട്ട് ചെറിയ നൈലോണ്‍ വല വാങ്ങി. എല്ലാരുംകൂടി രണ്ടര ഏക്കറിലും ബണ്ടിനു മുകളിൽ ഒരടി ഉയരത്തിൽ നെറ്റ് ഇടാൻ തൊടങ്ങി.
കഴിഞ്ഞപ്പൊ രാത്രി ഏഴ് ഏഴരയായി. ഞങ്ങൾ ഷെഡിൽപോയി കിടന്നു. 16നു പുലർച്ചെ രണ്ടുമണിയായിക്കാണും. ബണ്ടിനു മുകളിലേക്കും ഷെഡിനുള്ളിലേക്കും വെള്ളം ഇരച്ചുകയറി. കൊറച്ചുനേരം നോക്കിനിന്നെങ്കിലും ഒന്നും ചെയ്യാന്ണ്ടായില്ല. നെഞ്ചുരുകണ വേദനയോടെ ഞങ്ങൾ ജീവനുംകൊണ്ടും രക്ഷപ്പെട്ടു.’
ഉണ്ണികൃഷ്ണന് 16 ലക്ഷം രൂപയുടെ വനാമി ചെമ്മീനും മോട്ടോറും ഷെഡും വലകളും ജനറേറ്ററും എല്ലാം നഷ്ടപ്പെട്ടു. “സർക്കാരെന്തെങ്കിലും കാര്യായി ചെയ്താലേ ഇനി കൃഷിയെക്കുറിച്ച് ചിന്തിക്കാൻ പറ്റൂ’, ദുരന്തഭൂമി ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ചെമ്മീൻകൃഷി കർഷകനുള്ള ഇത്തവണത്തെ സംസ്ഥാന അവാർഡും 2013 ലെ കേന്ദ്രസർക്കാരിന്റെ അവാർഡും നേടിയ നാരായണമംഗലം ചെറവട്ടായിൽ സുരേന്ദ്രനു പ്രളയം ഉണ്ടാക്കിയത് 30 ലക്ഷത്തിന്റെ നഷ്ടമാണ്. പതിനേഴര ഏക്കറിൽ വനാമി ചെമ്മീൻ കൃഷി ചെയ്ത ഇദ്ദേഹത്തിനു മൂന്നിലൊന്നു കൃഷിയിടത്തിൽ വിളവെടുപ്പ് നടത്താനായെന്നതു നഷ്ടത്തിനിടയിലും തെല്ലാശ്വാസമേകുന്നു.