സ്വന്തം ലേഖകൻ
തൃശൂർ: അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെതിരെ ആഞ്ഞടിച്ച് കൃഷിവകുപ്പു മന്ത്രി വി.എസ്.സുനിൽകുമാർ. സർക്കാർ ചെലവിൽ മണ്ടൻ കാര്യങ്ങൾ വിളിച്ചു പറയരുതെന്ന് സുനിൽകുമാർ കുര്യനെ ഓർമിപ്പിച്ചു. കുട്ടനാട്ടിൽ വേണ്ടത് കുടിവെള്ള പ്ലാന്റാണെന്നും നെൽകൃഷി കൂട്ടുന്നത് മന്ത്രിക്ക് മോക്ഷം കിട്ടാനാണെന്നുമുള്ള കുര്യന്റെ പ്രസ്താവനക്കെതിരെയാണ് സുനിൽകുമാർ രൂക്ഷ വിമർശനവുമായി രംഗത്തു വന്നത്.
ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ അച്ചടക്കത്തിന് ചേർന്ന കാര്യങ്ങളല്ല കുര്യൻ പറഞ്ഞത്. സർക്കാർ നയം നെൽകൃഷി വ്യാപിപ്പിക്കലാണ്. അതിനെതിരെയാണ് കുര്യൻ സംസാരിച്ചത്. സർക്കാർ നയത്തിന് വിരുദ്ധമായി സർക്കാർ ഉദ്യോഗസ്ഥർ കാര്യങ്ങൾ പറയരുത്. നെൽകൃഷി കൂട്ടുന്നത് എനിക്ക് മോക്ഷം കിട്ടാനാണെന്ന കുര്യന്റെ പരിഹാസം എനിക്ക് അംഗീകാരമാണ്.
ഓരോരുത്തരുടെ വാസന അനുസരിച്ച് ഓരോരുത്തർ പറയുന്ന കാര്യങ്ങളാണിതൊക്കെ. കുട്ടനാട് പാക്കേജും മറ്റുമായി കുട്ടനാട്ടിൽ നെൽകൃഷി വ്യാപിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആ സർക്കാർ നയം ഏതെങ്കിലും ഒരാൾ വിചാരിച്ചാൽ അട്ടിമറിക്കാൻ സാധിക്കില്ല.
താക്കോൽ സ്ഥാനത്തിരിക്കുന്നവർ തന്നെ പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ്. വ്യക്തിതാത്പര്യം സർക്കാർ ചെലവിൽ നടപ്പാക്കാൻ കുര്യൻ നോക്കണ്ട. കുര്യൻ സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് നടത്തിയത്. കുര്യന്റെ പരിഹാസം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് സുനിൽകുമാർ തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോട്ടയത്ത് നടന്ന പരിപാടിക്കിടെയാണ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ കഴിഞ്ഞ ദിവസം മന്ത്രി സുനിൽകുമാറിനെ പരിഹസിച്ച് സംസാരിച്ചത്.