2009 സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിലാണ് കണ്ണൂർ സിറ്റി ഹൈസ്കൂള്‍ അധ്യാപിക ഉരുവച്ചാല്‍ സ്വദേശിനി ഹേമജ (46) കൊല്ലപ്പെടുന്നത് . കണ്ണൂരിനെ നടുക്കിയ ഈ പാതിരാ കൊലപാതകം നടന്നിട്ട് ഒന്‍പത് വര്‍ഷമായിട്ടും പോലീസ് ഇന്നും ഇരുട്ടിൽ തന്നെ. എന്തുകൊണ്ടോ പിടിച്ചുകയറാന്‍ കൊള്ളാവുന്ന ഒരു തുന്പുപോലും ഇന്ന് പോലീസിന്റെ പക്കലില്ല.
വീടിനടുത്തുളള റോഡില്‍ നിര്‍ത്തിയിട്ട മാരുതി വാനിലാണ് ഹേമജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ചപ്പോള്‍ തന്നെ ഡിക്കന് ശശി എന്ന വിളിപ്പേരുള്ള ഭര്‍ത്താവ് ശശീന്ദ്രനാണ് പ്രതിയെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെ ഇയാളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല.
സംഭവദിവസം രാത്രിയില്‍ അസുഖബാധിതനെന്ന് നടിച്ച ശശീന്ദ്രന് ഭാര്യ ഹേമജയെയും കൂട്ടി ആശുപത്രിയിലേക്കെന്നു പറഞ്ഞാണ് മാരുതി ഓംനിയില്‍ പുറത്തേക്ക് പോയത്. വഴിയില്‍ വച്ച് സുഹൃത്തായ ടി.എന്‍.ശശി കൂടെ കയറി.
ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ശശി ഹേമജയുടെ കൈകള്‍ പിറകിലേക്ക് വലിച്ചുപിടിച്ചു. ഭര്‍ത്താവ് കഴുത്തിന് വെട്ടുമ്പോള്‍ ഒന്നുപിടയാന്പോലുമാവാതെ ടീച്ചര്‍ മരണത്തിന് കീഴടങ്ങി. എന്നാല്‍ കൊല നടന്നപ്പോള്‍ ഭയന്നുപോയ ശശി ഓംനി വാനില്‍ നിന്നും ഇറങ്ങിയോടി. അതോടെ പദ്ധതികള്‍ പൊളിഞ്ഞ ഡിങ്കന് മൃതദേഹവും വാനും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ശശിയെ വളരെ വേഗംതന്നെ പിടികൂടാൻ പോലീസിനു കഴിഞ്ഞു. അതോടെയാണ് നിഷ്ഠുരമായ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. കൊലപാതകത്തിനു തലേന്നു സെപ്റ്റംബര്‍ നാലിനു തന്നെ ഡിങ്കന് ശശീന്ദ്രന്റെ പന്നേന്പാറയിലുള്ള തറവാട്ടുവീട്ടിന്റെ വളപ്പില്‍ മൃതദേഹം അടക്കം ചെയ്യാനായി കുഴിയെടുത്തിരുന്നുവത്രേ.
തുടര്‍ന്ന് പോലീസ് ഡിങ്കനുവേണ്ടി വലവീശിയെങ്കിലും ഡിങ്കന് ഗള്‍ഫിലേക്ക് കടന്നുവെന്ന പ്രചാരണത്തില്‍ കേസന്വേഷണം വഴിമുട്ടി. കൊലപാതകത്തെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഹേമജയുടെ അച്ഛന് അമ്പാടി ചന്ദ്രശേഖരന് സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുംബൈ, ബംഗാള്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അന്വേഷണ സംഘം ശശീന്ദ്രനെ തേടിയിരുന്നെങ്കിലും കിട്ടിയില്ല.
ഇതിനിടെ, കേസന്വേഷണം ജില്ലാ പോലിസ് സൂപ്രണ്ടിന് നല്കി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. കണ്ണൂര്‍ സിറ്റി സിഐ അന്വേഷിച്ച കേസ് പിന്നീട് ടൗണ്‍ ഡിവൈഎസ്പിക്കു കൈമാറിയിരുന്നെങ്കിലും അ ന്വേഷണത്തിൽ വലിയ പുരോഗതിയൊന്നും ഉണ്ടായില്ല.
സിഐമാരെ ഇടയ്ക്കിടെ സ്ഥലം മാറ്റുന്നതിനനുസരിച്ച് അന്വേഷണം മന്ദഗതിയിലാവുന്നുവെന്ന് ചൂണ്ടിക്കാട്ടി ആക്്ഷന്‍ കമ്മിറ്റി ചെയര്മാന് അഡ്വ. ടി ഒ മോഹനന് നല്കിയ ഹരജിയില്‍ ഹൈക്കോടതി ജസ്റ്റിസ് എസ്.എസ്. സതീശ് ചന്ദ്രൻ, ജില്ലാ പോലിസ് മേധാവി കേസ് അന്വേഷിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനിടെ, കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹേമജ ടീച്ചറുടെ പിതാവ് അമ്പാടി ചന്ദ്രശേഖരന് ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കിയെങ്കിലും അത് പരിഗണനയ്ക്കെടുക്കും മുമ്പ് അദ്ദേഹം മരണപ്പെട്ടു.
ചന്ദ്രശേഖരന്റെ ഭാര്യ ഇന്ദിര ഹർജിക്കാരിയായി കേസ് തുടര്‍ന്ന് നടത്തി. ഹേമജ വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു.
ഇതിനിടെ പ്രതി ഡിങ്കൻ ശശിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തിയിരുന്നു. ഏകദേശം 59 വയസ് പ്രായം, ഒത്ത ശരീരം, സുമാര്‍ 168 സെന്റീ മീറ്റര്‍ ഉയരം, വെളുത്ത നിറം, നെറ്റിയില്‍ മധ്യ ഭാഗത്തായി ഒരു മുറിക്കല, പുറത്ത് പശുകുത്തിയ അടയാളം, മുന്‍ഭാഗം മുടി അല്പം കയറിയ നിലയില്‍ എന്നിവയാണു ലൂക്കൗട്ട് നോട്ടീസിലെ വിവരം. മുടി നീട്ടി വളര്‍ത്താറില്ല, സ്ഥിരമായി ചെരുപ്പ് ഉപയോഗിക്കുന്ന ശീലമില്ല. സാധാരണ മുണ്ടും ഷര്‍ട്ടുമാണ് വേഷം. ഒച്ചയെടുത്ത് സംസാരിക്കാറില്ല.
ആരോടും വഴക്കിന് പോവാത്ത പ്രകൃതമാണ്. തലതാഴ്ത്തിയാണ് നടക്കാറുള്ളത്. നന്നായി ഭക്ഷണം കഴിക്കും. കൃഷി, മൃഗപരിപാലനം, പ്രത്യേകിച്ച് പശുവളര്‍ത്തല്‍ എന്നിവയിലാണു താല്പര്യം. നല്ല കായിക ശേഷി ഉണ്ട്. അധ്വാന ശീലനാണ്. ഡ്രൈവിംഗ് വശമുണ്ട്. ഓട്ടോറിക്ഷയും ഓടിക്കും തുടങ്ങിയ വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഓരോ അധ്യാപക ദിനം പിന്നിടുന്പോഴും ഹേമജ ടീച്ചറുടെ ഓർമയിൽ തന്നെയാണ് കണ്ണൂർ സിറ്റി. കാരണം ഒൻപതു വർഷം മുന്‍പുണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിൽ തന്നെയാണ് ഇപ്പോഴും ഇവിടം. ഡിങ്കന് ശശീന്ദ്രന് ഇപ്പോഴും കാസര്‍ഗോഡ് ജില്ലയില്‍ സമര്‍ഥമായി ഒളിവില്‍ കഴിയുന്നുണ്ടെന്ന സൂചനകളുണ്ട്. എന്നാൽ പോലീസ് അന്വേഷണം മുറപോലെ നടക്കുകയാണ്.