തൃശൂർ: കണ്ടാലിതൊരു തുന്നൽക്കട, എന്നാലിതൊരു കാപ്പിക്കടയാണ്. തൃശൂർ പൂത്തോളിലുള്ള കോഫിബെഞ്ച് എന്ന ചെറിയ കാപ്പിക്ലബ് തുന്നൽക്കടയുടെ ലുക്കിലാണ് ഒരുക്കിയിരിക്കുന്നത്. കാപ്പികുടിക്കാനെത്തുന്നവർക്ക് തുന്നൽമെഷിൻ കാണുന്പോൾ ആകെ സംശയമാകും. പതിവ് മേശയ്ക്കു പകരം തുന്നൽമെഷിന്റെ രൂപത്തിലുള്ള മേശയാണ് ഇവിടെയുള്ളത്.
അടുത്ത് കോഫി ബെഞ്ചും. കാപ്പി ഓർഡർ ചെയ്ത് എത്തും വരെ നേരം കൊല്ലാൻ തുന്നൽ മെഷിനിൽ ചവിട്ടിക്കൊണ്ടിരിക്കാം. ഒരു ടൈംപാസ്…കാലിനൊരു വ്യായാമം കൂടിയാണെന്ന് കാപ്പികുടിക്കാനെത്തുന്ന ചിലർ പറയുന്നു. മേശപ്പുറത്ത് കുടിവെള്ളം നിറച്ചുവെച്ചിട്ടുള്ളത് പ്ലാസ്റ്റിക് ജഗ്ഗിലോ സ്റ്റീൽ ജഗ്ഗിലോ അല്ല…നല്ല ഒന്നാന്തരം മുളന്തണ്ടിൽ.
വെള്ളം ചേർക്കാത്ത പാലിലാണ് ഇവിടെ കാപ്പിയുണ്ടാക്കുന്നതെന്നും ഒരു തുള്ളി വെള്ളം പോലും ചേർക്കില്ലെന്നും തോട്ടത്തിൽ നിന്ന് എത്തിച്ച പൊടിക്കാത്ത കാപ്പിക്കുരു ഇട്ട് തിളപ്പിച്ച കാപ്പി ആവശ്യക്കാർക്ക് നൽകുമെന്നും കോഫിബെഞ്ചിന്റെ നടത്തിപ്പുകാർ അവകാശപ്പെടുന്നു.