കോഴിക്കോട്: ഖാദി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് കടലാസില്‍ ഒതുങ്ങുന്നു. ഖാദി മേഖലയെ നഷ്ടത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചിയിച്ച സര്‍ക്കാര്‍ ഉത്തരവിനെ കുറിച്ച് പത്രവാര്ത്തകളില്ലാതെ സര്‍ക്കുലറുകള്‍ പോലും ഖാദിബോര്‍ഡിനു ലഭിച്ചില്ലെന്നാണ് നെയ്ത്തു തൊഴിലാളികള്‍ പരാതിപ്പെടുന്നത്.
ഈ ദുരവസ്ഥയെതുടര്ന്ന് ഖാദിബോര്‍ഡിന്റെ അത്തോളിയിലെ നെയ്ത്തു കേന്ദ്രത്തില്‍ നിന്നും നാല്പതു തൊഴിലാളികളാണ് നെയ്ത്തു ഉപേക്ഷിച്ച് മറ്റു തൊഴില്‍ മേഖലകളിലേക്ക് മാറിയത്. ആറു വര്‍ഷം മുമ്പ് അത്തോളിയില്‍ അന്‍പതു പേരുമായി ആരംഭിച്ച ഖാദി നെയ്ത്തു കേന്ദ്രത്തില്‍ നിലവില്‍ പത്തുപേരാണ് തൊഴിലെടുക്കുന്നത്. തൊഴിലുറപ്പു ജോലിക്കാര്‍ക്കു പോലും ഇതിലും കൂടുതല്‍ കൂലി ലഭിക്കുമെന്നു പറഞ്ഞാണ് പലരും പിരിഞ്ഞുപോയത്.
മറ്റിടങ്ങളിലെയും അവസ്ഥ സമാനമാണ്. വിവരാവകാശ പ്രകാരം നെയ്ത്തു തൊഴിലാളികള്‍ നടത്തിയ അന്വേഷണത്തിലാണ് മി്നിമം വേതനം സംബന്ധിച്ച് പ്രഖ്യാപനമല്ലാതെ തുടര്‍ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നു വ്യക്തമായത്. തൊഴില്‍ നൈപുണ്യവകുപ്പ് പുറത്തിറക്കിയ പുതുക്കിയ വിജ്ഞാപനമനുസരിച്ച് പീസ് റേറ്റ് വിഭാഗം തൊഴിലാളികളുടെ കുറഞ്ഞ വേതനം നാനൂറ് രൂപയായും ദിവസവേതനതൊഴിലാളികളുടെ കുറഞ്ഞ വേതനം 425 രൂപയായും ഉയരുമെന്നാണ് പ്രഖ്യാപനം.
എന്നാല്‍ പുതുക്കിയ വരുമാനം എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ടു വര്‍ഷമായി ഇന്‍സെന്റിവ് പോലും നല്കിട്ടില്ല. പത്തുമാസമായി മുടങ്ങി കിടന്ന ആനുകൂല്യത്തില്‍ എട്ടുമാസത്തേത് ഇടകാലത്താണ് ലഭിച്ചത്. ഓണ വിപണി ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ സഖാവ് ഷര്‍ട്ട് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ വഴി ഖാദി ബോര്‍ഡിന് കോടികളുടെ ലാഭമുണ്ടായിട്ടുണ്ട്.
എന്നാല്‍ തൊഴിലാളികള്‍ക്ക് ശമ്പളം പോലും ലഭ്യമാക്കാത്ത സാഹചര്യമാണു നിലനില്‍ക്കുന്നത്. ഒരു മുണ്ടു നെയ്താല്‍ ലഭിക്കുന്ന നാല്‍പ്പതു രൂപയാണ് ഒരു ദിവസത്തെ നെയ്ത്തു തൊഴിലാളികളുടെ കൂലി. ഒരു ദിവസം രണ്ടു മുണ്ടു മാത്രമേ നെയ്തെടുക്കാന്‍ സാധിക്കുകയുള്ളൂ.നിലവില്‍ ഡിഎയും ഇന്സെന്റിവുമെല്ലാം ചേര്‍ത്താലും ദിവസം എട്ട് മണിക്കൂര്‍ പണിയെടുക്കുന്ന ഒരു തൊഴിലാളിക്ക് മാസത്തില്‍ 1500- രൂപയാണ് ശമ്പളമായി ലഭിക്കുന്നത്.
ഖാദിബോര്‍ഡിനു കീഴില്‍ നൂല് നൂല്‍പ്പും നെയ്ത്തും നടത്തുന്ന മുന്നൂറിലേറെ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. ആയിരം മീറ്റര്‍ നൂലിന് അഞ്ച് രൂപ അറുപത് പൈസ വെച്ച് കണക്കാക്കിയാണ് ഇവിടെ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. നൂല്‍നൂല്‍പ്പ്, നെയ്ത്ത് രംഗത്ത് ആധുനികവത്കരണം നടപ്പാക്കിയതോടെ ഉത്പാദനം ഗണ്യമായി വര്‍ധിച്ചുവെന്നും തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാനും കൂടുതല്‍ പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനുമായി നൂല്‍നൂല്‍പ്പ് തൊഴിലാളികള്‍ക്ക് 61 ശതമാനവും, നെയ്ത്ത് തൊഴിലാളികള്‍ക്ക് 40 ശതമാനവുമാണ് കൂലി വര്‍ധനവാണ് സര്‍ക്കാര്‍ നല്‍കിയെതന്നുമാണ് കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.