പെരിന്തൽമണ്ണ: മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്കു ആയിരം കോടി കവിഞ്ഞിട്ടും ദുരിതബാധിതർക്കു ധനസഹായം വൈകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നു മുസ്്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പെരിന്തൽമണ്ണ മണ്ഡലം ലീഗ് സംഘടിപ്പിച്ച കണ്വൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ന്യൂനപക്ഷത്തെ സംരക്ഷിക്കുമെന്നതു വർത്തമാനം മാത്രമാണ്. കേരളത്തിൽ ശക്തരല്ലാത്ത ബിജെപിയെ നേരിടാൻ സിപിഎമ്മിന്റെ ആവശ്യമില്ല. ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കാണ് സ്വൈര്യജീവിതം വേണ്ടത്. അവരെ സംരക്ഷിക്കാൻ കഴിയാത്ത സിപിഎം കേരളത്തിൽ മാത്രം ബിജെപിയുടെ മുഖ്യഎതിരാളികൾ തങ്ങളാണെന്ന് പറയുന്നതിൽ എന്തു യുക്തിയാണുള്ളത്.
കോണ്‍ഗ്രസിനും യുപിഎക്കും മാത്രമേ രാജ്യത്തു പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തെ സംരക്ഷിക്കാനാകൂ. അതിനു യുപിഎ കേന്ദ്രത്തിൽ തിരിച്ചെത്തണമെന്നും അദ്ദേഹം പറഞ്ഞു. പാതായിക്കര മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു.
മഞ്ഞളാംകുഴി അലി എംഎൽഎ, നാലകത്ത് സൂപ്പി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവന്പലം, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുസലാം, പി.കെ അബൂബക്കർ ഹാജി, എ.കെ നാസർ, പി.കെ മുഹമ്മദ് കോയ തങ്ങൾ, നാലകത്ത് ഷൗക്കത്ത്, കെ.പി ഹുസൈൻ, കൊളക്കാടൻ അസീസ്, എം. സൈതലവി, പുത്തൻക്കോട്ടിൽ മജീദ്, ഉസ്മാൻ താമരത്ത്, നഹാസ് പാറക്കൽ, സി.ടി നൗഷാദലി എന്നിവർ പ്രസംഗിച്ചു. വാർഡുതല മുസ്ലിം ലീഗ് പ്രസിഡന്റ് സെക്രട്ടറി, ട്രഷറർ, ബൂത്ത് കണ്‍വീനർമാർ എന്നിവർ പങ്കെടുത്തു.