മുക്കം: സാമൂഹ്യ സുരക്ഷാ പെൻഷൻ ലിസ്റ്റിൽ നിന്നും അനർഹരെന്ന് കണ്ടെത്തി ഒഴിവാക്കിയവരുടെ വിവരങ്ങൾ വീണ്ടും പരിശോധിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തെറ്റായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായ നിരവധിപേർക്ക് പെൻഷൻ നിഷേധിച്ചതായുള്ള പരാതികൾ സംസ്ഥാന വ്യാപകമായി ഉയർന്നതിനെത്തുടർന്നാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന 40,61,393 ഗുണഭോക്താക്കളിൽ അനർഹരായ നിരവധിപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 64,238 പേരെ ലിസ്റ്റിൽ നിന്നും നീക്കിയിരുന്നത്. എന്നാൽ അനർഹരുടെ പട്ടിക തയ്യാറാക്കിയതിൽ അപാകതകളുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വീണ്ടുമൊരു പരിശോധന കൂടി നടത്തി തടഞ്ഞു വയ്ക്കപ്പെട്ട 4617 പേർക്കുകൂടി പെൻഷൻ വിതരണം ചെയ്തിരുന്നു.
എന്നാൽ വീണ്ടും പരാതികൾ ഉയർന്നതിനെ തുടർന്നാണ് ലിസ്റ്റ് പരിശോധിക്കുവാൻ സർക്കാർ തീരുമാനിച്ചത്. ആയിരം സിസിയിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങൾ സ്വന്തമായുള്ളവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങാൻ അർഹതയില്ലെന്ന മാനദണ്ഡം ഉൾപ്പെടുത്തിയതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് അനർഹരെ ഒഴിവാക്കുന്നത്. ഇതിൽ വ്യാപക പാകപ്പിഴകൾ വന്നതായാണ് പ്രധാന ആക്ഷേപം. ”
അനർഹരെന്ന് കണ്ടെത്തിയവരുടെ കാര്യത്തിൽ വീണ്ടുമൊരു പരിശോധന കൂടി നടത്തണമെന്നും അർഹരായ ആരെയെങ്കിലും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് തടഞ്ഞുവച്ച പെൻഷൻ തുക എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുള്ളത്.
റവന്യൂ, ഹെൽത്ത് അടക്കമുള്ള വിവിധ വകുപ്പുകളുടെ സഹായത്തോടെ കാര്യക്ഷമമായ രീതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം സെക്രട്ടറിമാർ പഞ്ചായത്ത് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം. നിലവിൽ 59,621 പേരാണ് അനർഹരുടെ ലിസ്റ്റിലുള്ളത്.