ആരാധകരുടെ ആവേശക്കൂട്ടത്തിനു നടുവിൽ നിന്ന് പൃഥ്വിരാജ് ആക്ഷൻ പറഞ്ഞു. ലൂസിഫറിലെ നായക കഥപാത്രമായി മോഹൻലാൽ മാറി, ലാലേട്ടൻ ഫാൻസ് ശ്വാസം അടക്കിപ്പിടിച്ചു നിന്ന് ലാലേട്ടന്റെ അഭിനയം ലൈവായി കണ്‍കുളിർക്കെ കണ്ടു…
മോഹൻലാലിന്റെ പുതിയ ചിത്രമായ ലൂസിഫറിന്റെ ഷൂട്ടിംഗ് കാണാനും ചിത്രത്തിൽ അഭിനയിക്കുന്നതിനും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനടുത്തുള്ള ഫ്ളെഓവറിൽ എത്തിയ നൂറുകണക്കിന് ആരാധകരാണ്. സിനിമയുടെ നിർണായക രംഗമാണ് ഇന്നലെ ഫ്ളെഓവറിൽ വച്ചു ചിത്രീകരിച്ചത്.
ഫ്ളൈഓവർ സീനിൽ ആയിരത്തിലേറെ ആളുകളാണ് അഭിനയിച്ചത്. മോഹൻലാലിന്റെയും ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിന്റെയും ജന്മനാടായ തിരുവനന്തപുരത്ത് രണ്ടു പേർക്കും ആരാധകർ ഏറെയുണ്ട്. അവരെയാണ് ഈ വേഷങ്ങളിലേക്ക് തെരഞ്ഞെടുത്തത്. വിവരം മോഹൻലാൽ ഫാൻസ് അസോസിയേഷനെ അറിയിച്ചതിനെ തുടർന്ന് നിരവധി ആരാധകർ എത്തിച്ചേർന്നു.
മോഹൻലാലിനെ കൂടാതെ കലാഭവൻ ഷാജോണ്‍, ജോണ്‍ വിജയ് തുടങ്ങിയവരാണ് ഈ രംഗത്തിൽ അഭിനയിച്ചത്. സുജിത് വാസുദേവ് രംഗം പകർത്തി. റോഡ് അടച്ചായിരുന്നു ചിത്രീകരണം. കഴിഞ്ഞ രണ്ട് ദിവസം തലസ്ഥാനത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലായിരുന്നു ലൂസിഫറിന്റെ ചിത്രീകരണം.
സായ് കുമാറും ശിവജി ഗുരുവായൂരുമാണ് ഇവിടത്തെ ചിത്രീകരണത്തിൽ പങ്കെടുത്തത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂർ നിർമിക്കുന്ന ലൂസിഫറിൽ മഞ്ജുവാര്യർ, ബോളിവുഡ് താരം വിവേക് ഒബ്റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് , സംവിധായകൻ ഫാസിൽ,തുടങ്ങിയവരും വേഷമിടുന്നുണ്ട്.