അമേരിക്കയിലെ അലാസ്കയിൽ കടലിൽനിന്ന് കയറി വന്ന നീർനായ നാലുദിവസത്തെ നിൽപ്പുസമരം അവസാനിപ്പിച്ച് കടലിലേക്കുതന്നെ മടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കടൽക്കരയിൽനിന്ന് കിലോമീറ്ററുകൾ മാറി ഒരു മരത്തിന്റെ ചുവട്ടിൽ നീർനായ നിൽക്കുന്നത് പ്രദേശവാസികൾ കണ്ടത്. ഇവർ ഈ വിവരം ഉടൻതന്നെ അധികൃതരെ അറിയിച്ചു.
മൃഗസംരക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി നീർനായയെ കടലിലേക്ക് തിരിച്ചയയ്ക്കാൻ ശ്രമിച്ചെങ്കിലും നാലുദിവസമായി നീർനായ നിന്ന നിൽപ്പ് തുടരുകയായിരുന്നു.ഒടുവിൽ മറ്റുമാർഗങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ മയക്കുവെടിവച്ച് വീഴ്ത്തിയ ശേഷം നീർനായയെ എടുത്ത് കടൽക്കരയിൽക്കൊണ്ടുപോയി കിടത്തി. മയക്കത്തിൽനിന്ന് ഉണർന്ന നീർനായ ഭാഗ്യത്തിന് നേരെ കടലിലേക്കു പോവുകയായിരുന്നു.
കടലിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതിൽ പ്രതിഷേധിച്ചായിരിക്കാം നീർനായയുടെ നിൽപ്പുസമരമെന്ന് പ്രദേശവാസികൾ പറഞ്ഞു.