കോതമംഗലം: കാലവർഷക്കെടുതിയുടെ പിന്നാലെ ഇറച്ചിക്കോഴി വിപണി വൻ പ്രതിസന്ധിയിലേക്ക്. കോഴികളെ വിറ്റഴിക്കാനാവാതെ കർഷകർ ദുരിതത്തിലായി. ഏകദേശം 40 ദിവസത്തിനുള്ളിൽ രണ്ടു കിലോയോളം വളർച്ചയെത്തിച്ച് വിൽക്കുന്ന ഇറച്ചിക്കോഴികളുടെ ഉത്പാദനം വളരെ ചെലവേറിയതാണ്.
കുഞ്ഞിന്റെ വില 25നും 30 രൂപയ്ക്കും ഇടയിലേക്ക് കുറഞ്ഞതായിരുന്നു ഏക ആശ്വാസം. തീറ്റ, തൊഴിലാളികൾക്കുള്ള വേതനം, പ്രതിരോധ മരുന്നുകൾ, തറയിൽ വിരിക്കുന്ന അറക്കപ്പൊടി, വൈദ്യുതി ചാർജ് തുടങ്ങിയവയ്ക്കെല്ലാം ചെലവേറെയാണ്.
60 ദിവസമായിട്ടും പല ഫാമുകളിലും കോഴികളെ വിറ്റഴിക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ ദിവസം ഫാമിൽ നിൽക്കുന്ന കോഴികൾക്ക് കൂടുതൽ തൂക്കം വർധിക്കുന്നതും വിൽപനയ്ക്ക് തടസമാകുന്നു.
സ്വന്തം നിലയിൽ കോഴി കൃഷി ചെയ്യുന്ന കർഷകരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കിലോയ്ക്ക് 70-75 രൂപയോളം ഉത്പാദന ചെലവ് വരുന്ന നിലവിലെ സാഹചര്യത്തിൽ 45നും 50 രൂപയ്ക്കിടയിൽ വിൽക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്.
കോതമംഗലം താലൂക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ, വാരപ്പെട്ടി, നേര്യമംഗലം, കീരന്പാറ, പിണ്ടിമന ഭാഗങ്ങളിലാണ് ഫാമുകൾ കൂടുതലായുള്ളത്. ബാങ്ക് വായ്പയെടുത്താണ് പല കർഷകരും കൃഷി തുടങ്ങിയത്.
വർഷത്തിൽ അഞ്ചു ബാച്ചു വരെയാണ് സാധാരണ ഗതിയിൽ ഉദ്പാദനം സാധ്യമാകുന്നത്. ഷെഡ് നിർമാണത്തിനും അനുബന്ധ സജ്ജീകരണങ്ങൾ ഒരുക്കാനും ചെലവാകുന്നത് വലിയ തുകയാണ്.
വിലയിടിവും വിൽപനയിലുണ്ടാകുന്ന മാന്ദ്യവും പലപ്പോഴും വായ്പാ തുക തിരിച്ചടവിന് തടസമാകുന്നു. പ്രളയക്കെടുതിയിൽ ധാരാളം ഫാമുകൾ വെള്ളവും ചെളിയും മൂടി നശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടിലായിരിക്കുകയാണ് കർഷകർ.