സ്വന്തം ലേഖകൻ
തേഞ്ഞിപ്പലം: ബസ് ഡ്രൈവർ ജോലിക്കിടയിലും പഠനം തുടർന്ന അനൂപ് ഗംഗാധരന് എംഫിൽ. അവധി ദിവസങ്ങളിൽ സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്താണ് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് അരിയല്ലൂർ കരുമരക്കാട് സ്വദേശിയായ അനൂപ് ഗംഗാധരൻ കാലിക്കട്ട് സർവകലാശാല ഫോക്ലോർ വിഭാഗത്തിൽ നിന്ന് എംഫിൽ സ്വന്തമാക്കിയത്. സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എംഎ ഇംഗ്ലീഷ് കോഴ്സ് ചെയ്യുന്ന അനൂപിന്റെ അടുത്ത ലക്ഷ്യം ഫോക്ലോറിൽ പിഎച്ച്ഡിയാണ്.
കരുമരക്കാട് ചെഞ്ചരൊടി വീട്ടിൽ ഗംഗാധരൻ -ഭാർഗവി ദന്പതികളുടെ മകനായ അനൂപ് പ്ലസ് വണ് പഠനകാലത്ത് ബസ് കഴുകിയാണ് പഠനത്തിന് പണം കണ്ടെത്തിയത്. അതിനു മുന്പ് കൽപ്പണി, സെന്ററിംഗ്, പെയിന്റിംഗ്, വയറിംഗ് മേഖലയിൽ സഹായിയായും തൊഴിലെടുത്തു.
റെയിൽവേയിൽ ക്ലാസ് ഫോർ ജീവനക്കാരനായിരുന്ന അച്ഛന്റെ സന്പാദ്യം വീടുപണിക്കും സഹോദരിയുടെ വിവാഹത്തിനും മറ്റുമായി ചെലവഴിക്കേണ്ടി വന്നതോടെയാണ് പഠനച്ചെലവിനുള്ള പണം സ്വന്തമായി കണ്ടെത്താൻ അനൂപ് തീരുമാനിച്ചത്.
പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജിൽ നിന്ന് 2004ൽ പ്ലസ്ടുവും കാലിക്കട്ട് സർവകലാശാലയിൽ നിന്നു 2009ൽ ബിഎ ഇംഗ്ലീഷ് ബിരുദവും നേടി. 2013ലാണ് ഫോക്ലോറിൽ പിജിക്ക് ചേർന്നത്. ഹൈസ്കൂൾ പഠനം അരിയല്ലൂർ മാധവാനന്ദ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു. വായനയിൽ താത്പര്യമുള്ള അനൂപിന് വീട്ടിൽ അഞ്ഞൂറോളം പുസ്തകങ്ങളുള്ള ചെറു ലൈബ്രറിയുണ്ട്.
മറ്റു ജോലികൾ പഠനത്തോടൊപ്പം കൊണ്ടുപോകാനാകാത്തതിനാലാണ് അവധി ദിവസങ്ങളിൽ ബസ് ജീവനക്കാരനായത്. ക്ലീനറും ചെക്കറും കണ്ടക്ടറുമായി വർഷങ്ങൾക്കു ശേഷമാണ് ബസിന്റെ സാരഥിയാകുന്നത്. അനൂപിന് പിന്തുണയുമായി നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും താരമായിരിക്കുകയാണ് ഇദ്ദേഹം.