മിയാമി (ഫ്ലോറിഡ): അമിത വേഗതയിൽ ട്രാഫിക് നിയമം കാറ്റിൽ പറത്തി പാഞ്ഞ കാറിനെ പിന്തുടർന്നു പിടികൂടിയ പോലീസിന്, കാർ യാത്രക്കാരായ യുവ മിഥുനങ്ങളുടെ അഭ്യർഥന കേട്ട് ആദ്യമൊന്നു പകച്ചുപോയി.
ഫ്ളോറിഡ സംസ്ഥാനത്തെ മയാമിയിലാണ് സംഭവം. അമിത വേഗതയിൽ കാർ ഓടിച്ചതിനെ കുറിച്ചു എന്തെങ്കിലും പറയാനുണ്ടോ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് കെന്നത്ത് എന്ന യുവാവ് കാറിൽ നിന്നും പുറത്തിറങ്ങിയത് കൈയിൽ ഒരു വിവാഹ മോതിരവുമായിട്ടായിരുന്നു.
തുടർന്നു മുട്ടിൻമേൽ നിന്നുകൊണ്ട് ഒരു അപേക്ഷ. കൂടെയുള്ള യുവതിയെ മോതിരം അണിയിച്ചു വിവാഹ നിശ്ചയം നടത്തുന്നതിന് എന്നെ സഹായിക്കണം. ചോദ്യം കേട്ടു പകച്ചു നിന്ന യുവതി സമ്മതിക്കാം എന്നു പറഞ്ഞതോടെ, യുവാവ് മോതിരം യുവതിയുടെ കൈവിരലിൽ അണിയിച്ചു. ഇതിനു സാക്ഷിയായി വാഹനം സ്റ്റോപ് ചെയ്ത പോലീസുകാരനും.
ട്രാഫിക് നിയമലംഘനത്തിന് പിഴ നൽകേണ്ട പോലീസ് ഒടുവിൽ ഇരുവർക്കും വിവാഹാശംസകൾ നേർന്നാണ് വിട്ടയച്ചത്. മയാമി പോലീസ് സ്പോക്മാൻ ഏണസ്റ്റൊ റോഡ്രീഗ്സാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.
റിപ്പോർട്ട്:പി.പി. ചെറിയാൻ