കണ്ണൂർ: മാധ്യമപ്രവർത്തകൻ കെ. വിനോദ് ചന്ദ്രനെയും ഭാര്യയെയും കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വാടകവീട്ടിൽ കെട്ടിയിട്ടു കവർച്ച നടത്തിയത് ബംഗ്ലാദേശ് സംഘമെന്ന് പോലീസ് ഉറപ്പിച്ചുപറയുമ്പോഴും കവർച്ചാസംഘത്തെക്കുറിച്ച് പോലീസിന് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. എറണാകുളത്തു നടന്ന സമാന കവർച്ചയുടെ വിവരങ്ങൾ കഴിഞ്ഞദിവസം അന്വേഷണസംഘം ശേഖരിച്ചിരുന്നു.
എറണാകുളത്ത് കവർച്ച നടത്തിയ സംഘം വിളിക്കുകയും ഇവരെ ബന്ധപ്പെടുകയും ചെയ്ത 200 പേരുടെ ഫോൺനമ്പറുകളും കണ്ണൂർ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരിൽ ആരെയെങ്കിലും കണ്ണൂരിൽ കവർച്ച നടത്തിയ സംഘം ബന്ധപ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കവർച്ചാസംഘത്തിന് സ്ഥലത്തെക്കുറിച്ച് പരിചയമുള്ളവരുടെ സഹായം ലഭിച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.
എന്നാൽ ഇതുവരെ രണ്ട് മൊബൈൽ കമ്പനികളിൽനിന്നുള്ള ഫോൺ കോൾ വിവരങ്ങൾ മാത്രമാണ് പോലീസിന് ലഭിച്ചത്. ഇനിയും മൂന്ന് മൊബൈൽ കമ്പനികളിൽനിന്ന് വിവരങ്ങൾ ലഭിക്കാനുണ്ട്. വിനോദിന്റേതടക്കം കവർന്ന ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫാണ്. മൂന്ന് കന്പനികളിൽനിന്ന് കോൾ വിവരങ്ങൾ ഇന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കൂടാതെ കവർച്ച നടന്ന വീട് മുതൽ കണ്ണൂർ സ്പിന്നിംഗ് മിൽ വരെയുള്ള ഇരുപത്തഞ്ചോളം സിസിടിവി ദൃശ്യങ്ങളും പോലീസ് പകർത്തിയിട്ടുണ്ട്. ഇതിൽ പലതും അവ്യക്തമാണെങ്കിലും എന്തെങ്കിലും സൂചന ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലസ്.
സംഭവസമയത്ത് മൂന്നു കാറുകൾ ഇതുവഴി കടന്നുപോയതായി ദൃശ്യങ്ങളിലുണ്ട്. എന്നാൽ, സംശയിക്കുന്ന ഇൻഡിക്ക കാറിനെക്കുറിച്ചുള്ള അവ്യക്തതകൾ തുടരുകയാണ്. കവർച്ച നടന്ന വ്യാഴാഴ്ച പുലർച്ചെ 3.16 ന് ഈ കാർ കടന്നുപോകുന്നതായാണ് ദൃശ്യത്തിലുള്ളത്. വിനോദ് ചന്ദ്രൻ ഓഫീസിലേക്ക് വിളിച്ചതാകട്ടെ 3.55 നാണ്.
അതിനാൽ കാർ കടന്നുപോയശേഷമാണ് കവർച്ചാസംഘം ഇറങ്ങിയതെന്ന നിഗമനത്തിലാണ് പോലീസ്. പ്രസ്തുത കാർ കവർച്ചാസംഘത്തിന്റേതാകാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാത്രമല്ല, കവർച്ചാസംഘം വാഹനം ഉപയോഗിക്കാതെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നുപോകുകയാണ് പതിവെന്നാണ് കഴിഞ്ഞകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് പറയുന്നത്. സ്പിന്നിംഗ് മില്ലിന് സമീപത്തെത്തിയ സംഘം റെയിൽപാളത്തിലൂടെ നടന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരിക്കാമെന്നും പോലീസ് കരുതുന്നു.
കവർച്ച നടത്തിയത് അറുപതോളം പവൻ സ്വർണമാണെന്നാണ് വിവരം. ഇത്രയും സ്വർണം കൈക്കലാക്കിയ സ്ഥിതിക്ക് കവർച്ചാ സംഘം കേരളം വിടാനുള്ള സാധ്യത കൂടുതലാണെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ മൂന്നിന് വാരത്തെ ഒരു വീട്ടിൽ കവർച്ച നടത്തിയത് മുണ്ട് കോർത്തുവലിച്ചുടുത്ത്(ഉത്തരേന്ത്യൻ ഗ്രാമീണ രീതിയിലുള്ള മുണ്ടുടുക്കൽ) എത്തിയ മൂന്നംഗസംഘമാണെന്ന് സിസിസിടിവി ദൃശ്യങ്ങളിൽ പോലീസിന് വ്യക്തമായിട്ടുണ്ട്.
എന്നാൽ ഇതേ സംഘമാണോ പിന്നീട് ഉരുവച്ചാലിൽ കവർച്ച നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംസ്ഥാനത്തുണ്ടായ സമാനമായ കവർച്ചാസംഭവങ്ങൾ പരിശോധിച്ചതിൽനിന്നാണ് ബംഗ്ലാദേശുകാർ ഉൾപ്പെട്ട സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്ന വിലയിരുത്തലിൽ അന്വേഷണസംഘം എത്തിച്ചേർന്നത്.