കണ്ണൂർ: വാശിയേറിയ മത്സരമായിട്ടും ആരവങ്ങളും ആർപ്പുവിളികളുമുണ്ടായില്ല; കളിക്കുന്നവർക്കിടയിലും മൗനം. സ്റ്റേഡിയത്തിലെ കാണികൾക്കിടയിലും നിശബ്ദമായ പ്രോത്സാഹനം മാത്രം. കൈ ഉയർത്തിക്കാട്ടിയുള്ള കാണികളുടെ പ്രോത്സാഹനങ്ങൾക്കനുസരിച്ചു കളിക്കാരും മിന്നുംപ്രകടനം പുറത്തെടുത്തു.
നിശബ്ദമായ പ്രതികരണമാണെങ്കിലും കൈകൾകൊണ്ട് ആംഗ്യം കാണിച്ച് അവർ പരസ്പരം വിവരങ്ങളും വികാരങ്ങളും പങ്കുവച്ചുകൊണ്ടിരുന്നു.
കണ്ണൂർ ജില്ല ബധിര സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്ന സെൻട്രൽ ജയിൽ മൈതാനമായിരുന്നു വേദി. ബധിര സ്പോർട്സ് കൗൺസിലിനു കീഴിലുള്ള ബധിരരായ യുവാക്കളെ പങ്കെടുപ്പിച്ചായിരുന്നു മത്സരം.
പയ്യന്നൂർ, തളിപ്പറന്പ്, കണ്ണൂർ, തലശേരി എന്നീ താലൂക്കുകളിൽനിന്നായി ഏഴു ടീമാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ഇന്നലെ രാവിലെ 9.30 ഓടെയാണു മത്സരം ആരംഭിച്ചത്. ആദ്യമത്സരത്തിൽ തലശേരിക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനു തളിപ്പറന്പ് ജയിച്ചു.
ഫൈനൽ മത്സരത്തിൽ തളിപ്പറന്പും പയ്യന്നൂരുമാണ് ഏറ്റുമുട്ടിയത്. വാശിയേറിയ മത്സരത്തിൽ ഓരോഗോളുകൾ അടിച്ചു രണ്ടു ടീമുകളും സമനില പാലിച്ചു. തുടർന്നു നടന്ന പെനാൽട്ടി ഷൂട്ടൗട്ടിൽ നാലു ഗോളുകൾ നേടി തളിപ്പറന്പ് വിജയം സ്വന്തമാക്കുകയായിരുന്നു.
പയ്യന്നൂരിന് രണ്ടു ഗോളുകൾ മാത്രമേ വലയിലെത്തിക്കാൻ സാധിച്ചുള്ളൂ. ജില്ലാ മത്സരത്തിൽ വിജയിച്ച തളിപ്പറന്പ് ടീം ഡിസംബർ ഒന്നുമുതൽ മൂന്നുവരെ നടക്കുന്ന സംസ്ഥാന ബധിര ഫുട്ബോൾ ടൂർണമെന്റിൽ കളിക്കും.