പീറ്റർ പയ്യന്നൂർ
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തിലെ പ്ലാസ്റ്റിക് പെറുക്കിയാണ് തമിഴ്നാട് സ്വദേശിയായ ബൂരാന്റെ ഉപജീവനം. ഇതുവഴി പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന് പയ്യന്നൂരിനെ മോചിപ്പിക്കുക എന്ന വലിയ കടമകൂടി നിറവേറ്റുകയാണ് ഈ അയൽസംസ്ഥാനക്കാരൻ. കുംഭകോണത്തിനടുത്ത കടലൂര്‍ സ്വദേശിയാണ് ഈ 52 കാരൻ.
35 വര്‍ഷം മുമ്പ് പയ്യന്നൂരിലെത്തിയതുമുതൽ തുടങ്ങിയതാണ് ബൂരാന്റെ ഈ മാലിന്യശേഖരണം. പുലര്‍ച്ചെ മൂന്നിന് തുടങ്ങും ബൂരാന്റെ ദിവസം. വ്യാപാര സ്ഥാപനങ്ങള്‍ രാത്രിയിൽ അടയ്ക്കുമ്പോള്‍ വ്യാപാരികള്‍ സ്ഥാപനത്തിന്റെ പുറത്ത് വച്ചു പോകുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ ശേഖരണമാണ് ആദ്യത്തെ ജോലി. എല്ലാ സ്ഥാപനത്തില്‍നിന്നും എടുത്തുകൊണ്ടുവന്ന് ഇവ തരംതിരിച്ച് ചാക്കുകളിലാക്കി കെട്ടിവയ്ക്കും.
കാര്‍ഡ് ബോര്‍ഡ്, കടലാസ്, തുണിക്കഷണങ്ങള്‍, കുപ്പികള്‍ എന്നിവയും മറ്റു മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. രാത്രി 10 വരെ നീളുന്നതാണ് ബൂരാന്റെ ജോലിസമയം. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തില്‍ ബൂരാന്‍ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് പയ്യന്നൂര്‍ നഗരസഭ ഇദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം ആദരിച്ചിരുന്നു.
പയ്യന്നൂര്‍ നഗരസഭ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള കര്‍മപരിപാടികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എത്രയൊക്കെ നിയന്ത്രണം വരുത്തിയാലും പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കാനാവാത്ത അവസ്ഥയുമുണ്ട്.
ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ള ഒട്ടുമിക്ക സാധനങ്ങളും പ്ലാസ്റ്റിക് കൂടുകളിലാണ് മാര്‍ക്കറ്റില്‍ എത്തുന്നത്. കാരിബാഗുകള്‍ നിരോധിച്ചിട്ടും ഉത്പന്നങ്ങള്ക്കൊപ്പമെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരത്തിന് വെല്ലുവിളിയായി മാറാതിരിക്കാന്‍ ഇടവരുത്തുന്നത് ബൂരാന്റെ സേവനമാണ്.
ഏവരും നിസാരമായി കാണുന്ന ജോലിയിലൂടെയാണ് ബൂരാനും ഭാര്യ മണിമേഖലയും നാല് പെണ്മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത്. ഇതിനകം രണ്ടുപേരെ വിവാഹം ചെയ്തയച്ചു. ഒരു മകള്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ചു. ഇളയ മകള്‍ നഴ്സിംഗിന് പഠിക്കുന്നു.
സ്വന്തമായി ഒരു വീടുപോലും നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനും കഴിഞ്ഞത് പയ്യന്നൂരിലെ ഈ തൊഴില്‍ കൊണ്ടാണെന്ന് ബൂരാന്‍ അഭിമാനത്തോടെ പറയുന്നു.