പയ്യന്നൂര്‍: പ്രളയ ദുരന്തത്തില്‍നിന്ന് കരകയറാനായി കേരളം പെടാപ്പാടു പെടുന്പോൾ സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടാക്കാന്‍ കഴിയുന്ന കോടികള്‍ തുരുമ്പെടുക്കുന്നു. വിവിധ കേസുകളിലായി കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളാണ് സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാത്തതിനാൽ തുരുന്പെടുത്ത് നശിക്കുന്നത്.
ഇരുചക്ര വാഹനങ്ങള്‍ മുതല്‍ വലിയ ലോറികളും വള്ളങ്ങളുമുള്‍പ്പെടെ പുതിയതും പഴയതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത്തരത്തിൽ സംസ്ഥാനത്ത് നശിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ ലേലം ചെയ്തു കൊടുക്കുവാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 2014 ജൂണ്‍ വരെ 37,914 വാഹനങ്ങള്‍ ലേലം ചെയ്യുകയും ചെയ്തു.
എന്നാൽ അന്ന് ഒരു വാഹനംപോലും ലേലം ചെയ്യാനാകാത്ത നിരവധി പോലീസ് സ്റ്റേഷനുകളുണ്ടായിരുന്നു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് നിയസഭ തന്നെ ഈ വിഷയം ചർച്ച ചെയ്തതായിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലും എക്സൈസ്, റവന്യൂ എന്നിവിടങ്ങളിലുമായി 28,888 വാഹനങ്ങള്‍ നീക്കം ചെയ്യാനുണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തുകയുമുണ്ടായി.
സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായി രൂപീകരിച്ച കമ്മിറ്റിക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാൻ അന്ന് മുഖ്യമന്ത്രി നിർദേശവും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നാഥനില്ലാത്ത വാഹനങ്ങളുടെ കൃത്യമായ കണക്കെടുക്കാനുള്ള ഉത്തരവുണ്ടായി.
ഉടമകളില്ലാത്ത വാഹനങ്ങളുടെ ചേസിസ് നമ്പറും എന്ജിന് നമ്പറുമെടുത്ത് ആര്‍ടിഎയുടെ സഹായത്തോടെ ദിവസങ്ങളെടുത്താണ് ഉടമകളെ കണ്ടെത്തിയത്. ഉടമകള്‍ക്ക് നോട്ടീസയച്ചിട്ടും പ്രതികരണമില്ലാതെ വന്നപ്പോഴാണ് ഒരുമാസത്തിനുള്ളില്‍ ഈ വാഹനങ്ങള്‍ ലേലം ചെയ്യുമെന്ന് മാധ്യമങ്ങളിലൂടെ അറിയിച്ചത്.
പിടികൂടിയ വാഹനങ്ങള്‍ പിഴയടച്ച് ഉടമ തിരിച്ചെടുക്കുന്നില്ലെങ്കില്‍ ലേലം ചെയ്ത് കിട്ടുന്ന തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ വാഹനങ്ങള്‍ ലേലം ചെയ്യാനുള്ള ഉത്തരവ് മാത്രം ലഭിച്ചില്ല. വാഹനങ്ങളില്‍ പോലീസിട്ട നമ്പറുകളും തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ടും ഉത്തരവിറങ്ങുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഇതോടെ സര്‍ക്കാര്‍ ഖജനാവിലേക്കെത്തേണ്ട കോടികളാണ് പാഴാകുന്നത്.