കോട്ടയം: നെല്ലിൻതണ്ടു മണക്കും വഴികൾ… കവി വൈലോപ്പള്ളി പാടിയതുപോലെ കോട്ടയം നഗരഹൃദയത്തിലേക്ക് നെൽകൃഷി മടങ്ങിവരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് ഇനി നെല്ല് വിളഞ്ഞ് കതിരണിയും. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈരയിൽകടവിൽ തരിശായി കിടക്കുന്ന നൂറ് ഏക്കർ പാടശേഖരത്ത് കൃഷി ഇറക്കാൻ ഒരുങ്ങുന്നത്.
പനച്ചിക്കാട് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സ്ഥലത്തെ തരിശുഭൂമിയാണ് കതിരണിയാൻ പോകുന്നത്. ഈരയിൽ കടവ്-മണിപ്പുഴ വികസന ഇടനാഴി റോഡിൽ ഈരയിൽ കടവ് പാലത്തിനുസമീപം റെയിൽവേ ട്രാക്കിനോടു ചേർന്നു കാടുപിടിച്ചു കിടന്ന തരിശുഭൂമിയിലെ പുല്ലു നീക്കുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു.
അഞ്ച് ജെസിബികൾ ഉപയോഗിച്ചാണു പുല്ലുനീക്കൽ ജോലികൾ നടത്തുന്നത്. 50 ഏക്കറിലെ ജോലികൾ പൂർത്തിയായി. ഒരാഴ്ചയ്ക്കകം ബാക്കി ഭാഗം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ നിരവധി കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. സ്വയം സഹായസംഘങ്ങളും പുരുഷ കൂട്ടായ്മകളും വിവിധ സന്നദ്ധ സംഘടനകളും കൃഷിയിറക്കാൻ രംഗത്തെത്തിയിട്ടുണ്ട്.
അടുത്തമാസം പകുതിയോടെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പദ്ധതി സ്ഥലം സന്ദർശിക്കുന്നുണ്ട്. തുലാമഴയ്ക്കുശേഷം വിത്തെറിയാനാണു തീരുമാനം. മാർച്ചോടെ കൊയ്ത്തു നടത്താനാകുമെന്നാണു പ്രതീക്ഷ. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഒരു ഹെക്ടറിന് 25000 രൂപ ധനസഹായവും അനുവദിച്ചിട്ടുണ്ട്.
ജെസിബി ഉപയോഗിച്ചുള്ള പുല്ലുനീക്കൽ ജോലികൾ പൂർത്തിയായാൽ തുടർന്നു ബണ്ടുകൾ നിർമിക്കും. ഇതും അതിവേഗം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പാടശേഖരത്തിൽ മോട്ടോർ ഉൾപ്പെടെയുള്ള സംവിധാനത്തിനാവശ്യമായ വൈദ്യുതി വിതരണം ചെയ്യാൻ കെഎസ്ഇബി സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വൈദ്യുതി നൽകുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാകും. മുൻ സർക്കാരിന്റെ കാലത്ത് മൊബിലിറ്റി ഹബ്ബിനായി കണ്ടെത്തിയ സ്ഥലമായിരുന്നു ഇത്. തുടർന്ന് പദ്ധതി മുടങ്ങിയതോടെ പ്രദേശം കാടുപിടിച്ചു കിടക്കുകയായിരുന്നു. കടുത്ത വേനൽക്കാലത്ത് ഇവിടെ തീപിടിത്തം പതിവായിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് റെയിൽട്രാക്കിനു സമീപം വരെ തീ എത്തിയിരുന്നു.
നൂറുകണക്കിനു പക്ഷികളും ചത്തൊടുങ്ങിയിരുന്നു. ഫയർഫോഴ്സ് അധികൃതർ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. പാടത്ത് കൃഷിയിറക്കുന്നതോടെ തീപിടിത്തത്തിനു ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
> മീനച്ചിലാർ-മീനന്തറാർ-കൊടൂരാർ നദീപുനർ സംയോജന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം മീനന്തറയാറിന്റെ തീരത്ത് അയർക്കുന്നം, മണർകാട്, വിജയപുരം പഞ്ചായത്തുകളിലായി 1200 ഏക്കർ തരിശുനിലം കൃഷി ചെയ്തിരുന്നു.
നദീപുനർസംയോജന പദ്ധതി ഒരു വർഷം പിന്നിടുന്പോൾ രണ്ടാം ഘട്ടമായി ഈ വർഷം കൊടൂരാറിന്റെ തീരത്ത് 2000 ഏക്കറിൽ കൃഷിയിറക്കാനാണ് തീരുമാനമെന്ന് മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർ സംയോജനപദ്ധതി കോ-ഓർഡിനേറ്റർ കെ. അനിൽകുമാർ പറഞ്ഞു.
മൂപ്പായിക്കാട് തോട് തെളിക്കുന്നതിനായി തുക അനുവദിച്ചുകഴിഞ്ഞു. തോട് തെളിച്ചുകഴിഞ്ഞാൽ മൂപ്പായിക്കാട് പാടശേഖരവും കൃഷിക്കായി ഒരുക്കും