മാന്നാർ: പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയ്ക്കായി ജനങ്ങൾ നെട്ടോട്ടത്തിൽ. വെള്ളം കയറി രണ്ടുദിവസമെങ്കിലും വീടുകളിൽനിന്നു മാറി താമസിച്ചവർക്കാണ് സർക്കാർ അടിയന്തര സഹായം എന്ന തലത്തിൽ 10,000 രൂപ പ്രഖ്യാപിച്ചത്. ക്യാന്പ് കഴിഞ്ഞ് വീടുകളിലേക്കു പോകുന്പോഴേക്കും പണം കിട്ടുമെന്ന തരത്തിൽ ദുരിതാശ്വാസ ക്യാന്പിൽ വച്ചുതന്നെ ചിലർ അപേക്ഷാ ഫോമുകൾ വരെ പൂരിപ്പിച്ച് വാങ്ങിയിരുന്നു.
ദുരിതമനുഭവിച്ചവർ റേഷൻകാർഡ്, ആധാർ കോപ്പി, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി നൽകിയാൽ ബാങ്ക് അകൗണ്ടിൽ പണം വരുമെന്ന് പറഞ്ഞതനുസരിച്ച് ഭൂരിപക്ഷം പേരും ഇവ സംഘടിപ്പിച്ചും നൽകി.ക്യാന്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഭൂരിപക്ഷം പേർക്കും പണം ലഭിച്ചില്ല.
തുക ഇപ്പോൾ കിട്ടിയാൽ പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങളും കിടക്കകളും ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും മറ്റും വാങ്ങാൻ കഴിയുമെന്നതിനാലാണ് എല്ലാവരും ഇതിനായി കാത്തിരിക്കുന്നത്. പഞ്ചായത്ത് മെന്പർമാരെ വഴിനടക്കാൻ കഴിയാത്ത വിധത്തിൽ എല്ലാവരും 10,000 രൂപ എന്നു വരുമെന്നുള്ള അന്വേഷണമാണ്. ഇപ്പോൾ പലരും രാവിലെ നേരേ പോകുന്നത് പണം വന്നോ എന്നറിയാൻ ബാങ്കുളിലേക്കാണ്. ബാങ്കുകാർ മറുപടി പറഞ്ഞു മടുത്തു.
ചിലർ ബാങ്കുകാരുടെ കുഴപ്പം കൊണ്ടാണ് പണം ലഭിക്കാത്തത് എന്ന തരത്തിൽ ബാങ്ക് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്യുന്നു. പണം വന്നില്ലെങ്കിൽ പിന്നെ യാത്ര പഞ്ചായത്ത്,-വില്ലേജ് ഓഫീസുകളിലേക്കും. തിരക്ക് വർധിച്ചതോടെ ഇത്തരം ഓഫീസുകളിൽ ബോർഡുകൾ തന്നെ സ്ഥാപിച്ചിട്ടുണ്ട്.
ദുരിതാശ്വാസ സഹായമായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയ്ക്കായി ആരും ഈ ഓഫീസിൽ അപേക്ഷകളോ മറ്റോ സർപ്പിക്കേണ്ടതില്ലെന്നും വീട്ടിൽ ഉദ്യോഗസ്ഥർ എത്തി കാര്യങ്ങൾ തിരക്കി അർഹതപ്പെട്ടവർക്കെല്ലാം അക്കൗണ്ടിലൂടെ പണം ലഭ്യമാക്കുകയും ചെയ്യുമെന്ന തരത്തലാണ് ബോർഡ്.
എന്നാൽ, പണത്തിനാവശ്യക്കാരായവർ ഇതൊന്നും കാര്യമാക്കാതെ കയറിയിറങ്ങുകയാണ്. പലയിടങ്ങളിലും സാങ്കേതികമായ കാരണങ്ങളാൽ പണം ബാങ്കുകളിലേക്ക് നൽകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. കന്പ്യൂട്ടറുകളിൽ ഡാറ്റാ എൻട്രി നടത്തി പണം ബാങ്കുളിലേക്ക് എത്താൻ ഇനിയും സമയം എടുക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം