ചെറായി: പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ വഞ്ചിമുങ്ങി കാണാതായ പുതുവൈപ്പ് മറ്റപ്പിള്ളി മിഥുൻ കുമാറിന്റെ വീട്ടിൽ 11ന് രാവിലെ സുരേഷ് ഗോപി എംപി സന്ദർശിക്കും. തുടർന്ന് പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട വൈപ്പിൻകരയിലെ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
ഇതോടൊപ്പം മിഥുൻകുമാറിന്റെ കുടുംബത്തിനു ബിജെപി സമാഹരിക്കുന്ന 10 ലക്ഷം രൂപയുടെ കുടുംബ സഹായഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനവും എംപി നിർവഹിക്കും. ബിജെപി വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനന്പം വ്യാസനഗറിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.