മുഖ്യമന്ത്രി ഇടപ്പെട്ടു: സംസ്ഥാന സ്കൂൾ കലോത്സവം ആഘോഷങ്ങളില്ലാതെ നടത്തുമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം നടത്താൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപ്പെട്ടതോടെയാണ് മുൻ തീരുമാനം മാറ്റിയത്. ആഘോഷങ്ങളില്ലാതെ കലോത്സവം നടത്താനാണ് തീരുമാനം.

കുട്ടികളുടെ ഗ്രേസ്മാർക്ക് നഷ്ടപ്പെടാൻ ഇടവരുത്തരുതെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഇതേത്തുടർന്നാണ് സർക്കാർ തീരുമാനം തിരുത്തിയത്.കലോത്സവ മാന്വലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തീരുമാനത്തിന് മുഖ്യമന്ത്രി തത്വത്തിൽ അംഗീകാരം നൽകുകയും ചെയ്തു.

നേരത്തെ, സംസ്ഥാനം സമാനതകളില്ലാത്ത ദുരന്തം നേരിട്ടതിനേത്തുടർന്ന് ആഘോഷങ്ങൾ എല്ലാം തന്നെ വേണ്ടെന്നു വയ്ക്കുകയാണെന്നും ഇതിന്‍റെ ഭാഗമായി സ്കൂൾ കലോത്സവം, സർവകലാശാല കലോത്സവങ്ങൾ, അന്തരാഷ്ട്ര ചലച്ചിത്രമേള എന്നിവ ഇക്കൊല്ലം നടത്തില്ലെന്നുള്ള സർക്കാർ തീരുമാനം വിവാദമായിരുന്നു.

എ.കെ.ബാലൻ ഉൾപ്പെടയുള്ള ചില മന്ത്രിസഭാംഗങ്ങൾ തന്നെ തീരുമാനത്തിൽ എതിർപ്പറിയിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാൽ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കുന്ന മന്ത്രി ഇ.പി.ജ‍യരാജനാണ് കലോത്സവങ്ങൾ ഉൾപ്പെടയുള്ള ആഘോഷങ്ങൾ നടത്തേണ്ടെന്ന തീരുമാനം അറിയിച്ചിരുന്നത്. മന്ത്രിസഭാംഗങ്ങൾക്കു പുറമേ തീരുമാനം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷവും കൂടി ശക്തമായി ആവശ്യപ്പെട്ടതോടെ സർക്കാർ വെട്ടിലാവുകയായിരുന്നു.

അതിനിടെ, കുട്ടികൾക്ക് കോലത്സവത്തിരൽ പങ്കെടുക്കുന്നതിന് ലഭിക്കുന്ന ഗ്രേസ് മാർക്ക് നഷ്ടപ്പെടാതിരിക്കാനുള്ള മറ്റ് മാർഗങ്ങൾ തേടുമെന്നും സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്നും ജയരാജൻ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിരുന്നു. ഈ അഭിപ്രായ പ്രകടനം നടന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് സർക്കാർ തീരുമാനം തിരുത്തിയത്.

Related posts