അർധസെഞ്ചുറിയും സെഞ്ചുറിയുമായി ഇന്ത്യക്കെതിരേ അരങ്ങേറ്റം കുറിച്ച അലിസ്റ്റർ കുക്ക് ഇന്ത്യക്കെതിരേതന്നെ അർധസെഞ്ചുറിയും സെഞ്ചുറിയും കുറിച്ച് വിടവാങ്ങൽ ടെസ്റ്റ് ഗംഭീരമാക്കി. നാഗ്പുരിൽ 2006 മാർച്ച് ഒന്നിന് ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ കുക്ക് ആദ്യ ഇന്നിംഗ്സിൽ 60 റൺസും രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി (104*)യുമായി പുറത്താകാതെ നിന്നു.
ഇപ്പോൾ ഓവൽ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 71 റൺസ് നേടിയ കുക്ക് രണ്ടാം ഇന്നിംഗ്സിൽ 147 നേടി ഇംഗ്ലണ്ടിനെ ശക്തമായ നിലയിലാക്കി. പരന്പരയിലെ നാലു ടെസ്റ്റുകളിൽ റൺസ് കണ്ടെത്താൻ വിഷമിച്ച കുക്ക്(ഏഴ് ഇന്നിംഗ്സുകളിൽ 109 റൺസ്) അഞ്ചാം ടെസ്റ്റിൽ തന്റെ പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്തി. ഒടുവിൽ അരങ്ങേറ്റക്കാരൻ ഹനുമ വിഹാരിക്ക് വിക്കറ്റ് സമ്മാനിച്ചതോടെ ആ ഉജ്വല കരിയറിനു സമാപ്തിയായി.
അരങ്ങേറ്റ ടെസ്റ്റിലും വിടവാങ്ങൽ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാണ് അലിസ്റ്റർ കുക്ക്. റെഗ്ഗി ഡഫ്(ഓസ്ട്രേലിയ), വില്യം പോൺസ്ഫോർഡ്(ഓസ്ട്രേലിയ) ഗ്രെഗ് ചാപ്പൽ(ഓസ്ട്രേലിയ), മുഹമ്മദ് അസ്ഹറുദ്ദീൻ(ഇന്ത്യ), എന്നിവരാണു മുന്പ് ഈ നേട്ടം കൈവരിച്ചവർ.
എന്നാൽ, അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും അർധസെഞ്ചുറിയും സെഞ്ചുറിയും നേടുകയെന്ന അപൂർവ റിക്കാർഡ് അലിസ്റ്റർ കുക്കിന്റെ പേരിൽ മാത്രമാണുള്ളത്. 22 ടെസ്റ്റ് കളിച്ച റെഗ്ഗി ഡഫ് അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും മാത്രമാണു സെഞ്ചുറി നേടിയിട്ടുള്ളതെന്നാണു സവിശേഷത.
ഏറ്റവും അധികം ടെസ്റ്റ് ഇന്ത്യക്കെതിരേ കളിച്ച(30) കുക്ക് ഇന്ത്യക്കെതിരേ 2431 റൺസ് നേടിയുണ്ട്. 2555 റൺസടിച്ച റിക്കി പോണ്ടിംഗാണ് മുന്നിൽ. കുക്കിന്റെ ഉയർന്ന ടെസ്റ്റ് സ്കോറായ 294 റൺസ് ഇന്ത്യക്കെതിരേയാണ്. ഏഴു സെഞ്ചുറികളാണ് മുൻ ഇംഗ്ലീഷ് നായകൻ ഇന്ത്യക്കെതിരേ അടിച്ചത്.
ഇന്നലെ കുമാർ സംഗക്കാര(12400) യെ മറികടന്ന് ടെസ്റ്റിലെ റൺസ് നേട്ടത്തിൽ കുക്ക് അഞ്ചാമനായി(12472). ഇന്ത്യക്കെതിരേ ഏറ്റവും കൂടുതൽ ക്യാച്ച് എടുത്തവരിൽ കുക്ക് രണ്ടാമതാണ്(38 ക്യാച്ച്). വിവിയൻ റിച്ചാർഡ്സ് ആണ് ഒന്നാമത്(39).
ഇന്ത്യക്കെതിരേ ഏറ്റവും കൂടുതൽ ടെസ്റ്റിൽ ക്യാപ്റ്റനായവരിൽ രണ്ടാം സ്ഥാനത്താണു കുക്ക്(14 ടെസ്റ്റ്). 15 ടെസ്റ്റുകളിൽ വീതം ക്യാപ്റ്റന്മാരായ ഇമ്രാൻ ഖാൻ, ഗ്രേയിം സ്മിത്ത് എന്നിവരാണു മുന്നിലുള്ളത്.