പത്തനംതിട്ട: മഹാപ്രളയത്തേ തുടർന്ന് പന്പയുടെ തീരത്തു വന്നടിഞ്ഞ മണ്ണിന്റെ ഉപയോഗത്തെ സംബന്ധിച്ച അവ്യക്തത. പലയിടത്തും നിലം നികത്താനും മാലിന്യങ്ങൾ മൂടാനുമാണ് മ്ണ്ണ് ഉപയോഗിക്കുന്നത്.പന്പ, കക്കി സംഭരണികൾ തുറന്നതിലൂടെയുണ്ടായ കുത്തൊഴുക്കിൽ എത്തിയ ചെളിയും മണലും പന്പ ത്രിവേണി മുതൽ പന്പയുടെ തീരം മുഴുവൻ അടിഞ്ഞു. തീരങ്ങളിലേക്ക് ടണ്കണക്കിനു മണ്ണാണ് എത്തിയത്.
വെള്ളം കയറിയ എല്ലാ പ്രദേശങ്ങളിലും മണ്ണ് വന്നടിഞ്ഞു. ഇതോടെ മണ്ണ് നീക്കം ചെയ്യൽ ഭാരിച്ചൊരു ബാധ്യതയായി മാറുകയായിരുന്നു.മണ്ണ് കൃഷിക്ക് ഉപയോഗിക്കാമെന്ന വാദം ഉണ്ടായെങ്കിലും കൃഷിവകുപ്പ് ഒൗദ്യോഗികമായി വിശദീകരണം നൽകിയില്ല. കൃഷിയിടങ്ങളിൽ മണ്ണ് നിക്ഷേപിച്ചവർക്ക് തിക്താനുഭവം ഉണ്ടായതായി ആക്ഷേപവുമുണ്ടായി. ചില സ്ഥലങ്ങളിൽ വൃക്ഷങ്ങൾ ഉൾപ്പെടെ കരിഞ്ഞുണങ്ങിയതായാണ് ആക്ഷേപം.
ചെടികൾക്കും വിത്തുവിളകൾക്കും മണ്ണ് അനുയോജ്യമാണെന്ന അഭിപ്രായമാണ് ഉണ്ടായത്. ഇതനുസരിച്ച കൃഷിയിടങ്ങളിൽ മണ്ണ് നിക്ഷേപിച്ച് പരീക്ഷണം നടത്തിയവരുണ്ട്. എന്നാൽ പലരുടെയും കൃഷിയിടങ്ങൾ മൂടിക്കൊണ്ടാണ് മണ്ണ് വന്നടിഞ്ഞിരിക്കുന്നത്.ഗ്രാമപഞ്ചായത്തുകൾ മണ്ണും ചെളിയും നീക്കം ചെയ്യാൻ നിർദേശിക്കപ്പെട്ടതോടെ ഇതു നിക്ഷേപിക്കാൻ സ്ഥലം തേടലായിരുന്നു മറ്റൊരു പ്രശ്നം.
മണ്ണിനൊപ്പം മാലിന്യങ്ങളും മൃഗങ്ങളുടെ അവശിഷ്ടങ്ങളുമൊക്കെ വന്നടിഞ്ഞതോടെ ദുർഗന്ധവും രൂക്ഷമാണ്. റാന്നിയിലും കോഴഞ്ചേരിയിലും പൊതുസ്ഥലങ്ങളിൽ നേരത്തെയുണ്ടായിരുന്ന മാലിന്യങ്ങൾ മൂടാൻ മണ്ണ് ഉപയോഗിച്ചു.ഇതിനിടെ പ്രളയത്തോടൊപ്പം എത്തിയ മണ്ണിന്റെ വ്യാവസായിക പ്രാധാന്യത്തെക്കുറിച്ച് ചർച്ച നടന്നു.
എന്നാൽ ഇതേക്കുറിച്ചും പിന്നീട് ആരും മിണ്ടിയില്ല. കട്ടകൾ ഉണ്ടാക്കാനും മറ്റുമായി മണ്ണ് വിനിയോഗിക്കാമെന്നായിരുന്നു നിർദേശം, ആർക്കും വേണ്ടാതെ കിടന്ന മണ്ണെടുത്ത് പാടങ്ങളും താഴ്ന്ന പ്രദേശങ്ങളും നികത്തിയവരുമേറെയാണ്.
പമ്പയിൽ മാത്രം 40,000 ഘനമീറ്റർ മണൽ
പന്പ: സംഭരണികൾ തുറന്നുവിട്ടതിലൂടെയും ശക്തമായ മഴയിലൂടെയും ഒഴുകിയെത്തിയ വെള്ളം പന്പാ ത്രിവേണിയിൽ സംഗമിച്ചപ്പോൾ 15 മീറ്റർ വരെ ഉയർന്നിരുന്നുവെന്നാണ് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ വിലയിരുത്തൽ.
വെള്ളപ്പൊക്കത്തിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കെട്ടിടങ്ങളിലും മറ്റുമുള്ള അടയാളങ്ങൾവച്ചുകൊണ്ടാണ് നിഗനമനം. 40,000 ഘനമീറ്റർ മണ്ണും മണലും എക്കലും അടക്കമുള്ളവ പന്പയിൽ മാത്രം അടിഞ്ഞിട്ടുണ്ട്. ഇതിൽ 75 ശതമാനം നിർമാണ ആവശ്യത്തിന് ഉപയോഗിക്കാവുന്ന മണലാണെന്നും പഠനത്തിൽ പറയുന്നു.
കക്കി – ആനത്തോട് സംഭരണി തുറന്നതിലൂടെ കക്കി ആറിലൂടെ ഒഴുകിയെത്തിയ വെള്ളത്തിലാണ് മണ്ണും മണലും കൂടുതലായെത്തിയത്. സംഭരണികളിലെ കുത്തൊഴുക്കിലൂടെ എത്തിയ മണ്ണ് കൂടാതെ ആനത്തോട് ഷട്ടർ തുറന്ന് നാലുകിലോമീറ്ററോളം വെള്ളം വനത്തിലൂടെ ഒഴുകിയാണ് കക്കി ആറിൽ പതിക്കുന്നത്.
ഈ ദൂരത്തിൽ വൻതോതിൽ മലയിടിച്ചിലും മറ്റുമുണ്ടായി. വെള്ളത്തിന്റെ ശക്തിയിൽ് വൻതോതിൽ മണ്ണ് കലർന്നൊഴുകി. സംഭരണികളുടെയും നദികളുടെയും വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചപ്പോൾ ഉരുൾപൊട്ടലുകൾ, മണ്ണിടിച്ചിലുകൾ ഇവയിലൂടെ വൻതോതിൽ മരങ്ങൾ കടപുഴകിയും കല്ലും മണ്ണും കുത്തൊഴുക്കിനൊപ്പം എത്തിയും തീരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുണ്ട്.