കൊച്ചി: ദിവസവും റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 14 പൈസയുടെയും ഡീസലിന് 15 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഈ മാസം മാത്രം ഉണ്ടായത് പെട്രോളിന് 2.20 രൂപയുടെയും ഡീസലിന് 2.65 രൂപയുടെയും വർധന. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില 82.86 രൂപയും ഡീസൽ വില 76.88 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോൾ വില 84.26 രൂപയും ഡീസൽ വില 78.18 രൂപയുമായപ്പോൾ കോഴിക്കോട് പെട്രോളിന് 82.94 രൂപയും ഡീസലിന് 76.96 രൂപയുമായി. കൊച്ചി, കോഴിക്കോട് നഗരങ്ങൾക്കു പുറത്ത് പെട്രോൾ വില 83 രൂപയ്ക്കും ഡീസലിന് 77 രൂപയ്ക്കും മുകളിലാണ്. ഈ മാസം ഒന്നാം തീയതി പെട്രോളിന് 17 പൈസയുടെയും ഡീസലിന് 22 പെസയുടെയും വർധനവാണു സംസ്ഥാനത്ത് ഉണ്ടായത്.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ശരാശരി വില 80.66 രൂപയും ഡീസൽ വില ലിറ്ററിന് ശരാശരി 74.22 രൂപയുമായി അന്ന് ഉയർന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ റെക്കോർഡ് വർധന രേഖപ്പെടുത്തിയാണ് ഇന്ധനവില ഈ നിലയിലെത്തിയത്.