മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്നിൽ ഭൂമിക്കായുള്ള ആദിവാസി കളുടെ ഭൂസമരം ഇന്നേക്ക് 920 ദിവസം എത്തുന്പോഴും ഭൂമി വിതരണം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയില്ല.സമരം നടത്തി വരുന്ന ഭൂമി തന്നെ ആദിവാസികൾക്ക് നൽകാൻ 2017 ജൂലൈയിൽ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ബന്ധപ്പെട്ട വകുപ്പ് അധികാരികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടികൾക്ക് ഇക്കാലമത്രയും വേഗതയായില്ല.
കപ്പിനും ചുണ്ടിനും ഇടക്ക് എത്തിയ ഭൂമി വിതരണത്തിൽ നിന്നും അധികാരികൾ പുറകോട്ട് പോകാനുണ്ടായ കാരണങ്ങളും വ്യക്തമല്ല.കഴിഞ്ഞ ദിവസവും സ്ഥലം എം എൽ എ പ്രസേനൻ സ്ഥലത്തെത്തി അനുകൂല നടപടികൾക്ക് വേഗത കൂട്ടാമെന്ന് ഉറപ്പ് നൽകിയതായി സമര പന്തലിലെ സ്ത്രീകൾ പറഞ്ഞു.
2016 ജനുവരി 15 മുതലാണ് കൃഷിഭൂമിക്കും വീടിനുമായി മൂർത്തിക്കുന്നിലെ 22 ആദിവാസി കുടുംബങ്ങൾ സമീപത്തെ വനഭൂമി കയ്യേറി കുടിലുകൾ കെട്ടി രാപകൽ സമരം ആരംഭിച്ചത്. ചുട്ടുപൊള്ളുന്ന 40 സെന്റ് പാറപ്പുറങ്ങളിലാണ് 22 കുടുംബങ്ങൾ കഴിയുന്നത്.
ഇവിടെ തീപ്പെട്ടി കൂടുപ്പോലെയാണ് തൊട്ടുരുമ്മി വീടുകളുള്ളത് .2015 നവംബർ 22 ന് ദീപികയിലാണ് മൂർത്തിക്കുന്ന് ആദിവാസികളുടെ ദുരിത ജീവിതം സംബന്ധിച്ച് പടം സഹിതം ആദ്യമായി വാർത്ത നൽകിയത്.കാടിന്റെ മക്കൾക്ക് താമസിക്കാൻ ചുട്ടുപൊള്ളുന്ന പാറപ്പുറങ്ങൾ എന്ന തലക്കെട്ടിലായിരുന്നു വാർത്ത പ്രസിദ്ധീകരിച്ചത്.
തുടർന്നാണ് ജില്ലാ ട്രൈബൽ ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ആദിവാസികളുടെ ദുരിത ജീവിതം നേരിട്ടറിഞ്ഞത്. ഇതിനു പിന്നാലെയായിരുന്നു ഭൂമിക്കായുള്ള ആദിവാസികളുടെ ഭൂ സമരവും ആരംഭിച്ചത്.