പടിഞ്ഞാറത്തറ: ബാണാസുര റിസർവോയറിനു സമീപം സ്വകാര്യഭൂമികളിലെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ബന്ധപ്പെട്ടവർ മറച്ചുവച്ചതായി പരാതി. നിർമാണത്തിലിരിക്കുന്നതും പ്രവർത്തിക്കുന്നതുമായ റിസോർട്ടുകൾ ഉൾപ്പെട്ട സ്വകാര്യഭൂമികളിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് രഹസ്യമാക്കി വച്ചത്.
റിസർവോയറിനോടു ചേർന്നുണ്ടായ ഉരുൾപൊട്ടലാണ് അണയിലേക്കു മണ്ണും വെള്ളവും കുത്തിയൊഴുകുന്നതിനു ഇടയാക്കിയതെന്നു അഭിപ്രായപ്പെടുന്നവർ നിരവധിയാണ്. ഓഗസ്റ്റ് എട്ട്, ഒന്പത് തീയതികളിൽ റിസർവോയറിനോടു ചേർന്നു 40ലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായാണ് ഡാം അധികൃതർ നേരത്തെ വ്യക്തമാക്കിയത്.
എന്നാൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഇതുവരെയും റവന്യുവകുപ്പിന് റിപ്പോർട്ട് ചെയ്തില്ല. വൻകിട സ്വകാര്യ റിസോർട്ടുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് കൂടുതൽ മണ്ണിടിച്ചിലുണ്ടായത്. കുറ്റിയാംവയൽ താണ്ടിയോട് നിർമാണം നടന്നുവരുന്ന റിസോർട്ടിന്റെ ഭാഗത്തുണ്ടായ മണ്ണിടിച്ചിൽ പൂർണമായും പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ച നിലയിലാണ്.
തൊട്ടടുത്ത ബാണാസുര റിസോർട്ടിന്റെ മുൻഭാഗം മണ്ണിടിഞ്ഞ് കെട്ടിടം അപകടാവസ്ഥയിലാണ്. റിസോർട്ടുകളുടെ തുടർ പ്രവർത്തനത്തിന് തടസമാവുമെന്ന് ഭയന്നാണ് ഉടമകൾ മണ്ണിടിച്ചിൽ സംബന്ധിച്ച വിവരം മൂടിവയ്ക്കുന്നത്.
ബാണാസുര റിസർവോയറിന് ചുറ്റും അനിയന്ത്രിത നിർമാണങ്ങളാണ് നടന്നുവരുന്നത്.
റിസർവോയറിന്റെ അതിർത്തിയിൽനിന്നു നിയമാനുസൃതമുള്ള അകലംപോലും പാലിക്കാതെയാണ് നിർമാണം. ഡാം, പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണിതെന്നു ആരോപണമുണ്ട്.