കൊച്ചി: ജീവനോപാധിയായിരുന്ന പശുക്കളെ പ്രളയം കൊണ്ടുപോയപ്പോൾ, അവയുടെ തൊഴുത്ത് ബാലനു വീടായി! ഭാര്യക്കും അവിവാഹിതയായ മകൾക്കും പ്രളയം ബാക്കിവച്ച ഒരു പശുവിനുമൊപ്പമാണ് ഈ വയോധികൻ തൊഴുത്തിൽ അന്തിയുറങ്ങുന്നത്.
നോർത്ത് പറവൂർ ചിറ്റാട്ടുകര ആളംതുരുത്തിൽ താമസിക്കുന്ന കരുവേലിപ്പാടം ബാലന് എട്ടു പശുക്കളാണ് ഉണ്ടായിരുന്നത്. അതിൽ കറവയുണ്ടായിരുന്ന അഞ്ചെണ്ണമായിരുന്നു കുടുംബത്തിന്റെ വരുമാനം. ഇതുൾപ്പെടെ ഏഴു പശുക്കളും പ്രളയത്തിൽ നഷ്ടമായി.
തൊഴുത്തിൽ അരയോളം വെള്ളമെത്തിയപ്പോൾ പശുക്കളെ മറ്റൊരു വീടിനു മുന്പിൽ കെട്ടിയിട്ടശേഷമാണു ബാലനും കുടുംബവും ദുരിതാശ്വാസക്യാന്പിൽ അഭയം തേടിയത്. വെള്ളം ഉയർന്നപ്പോൾ ക്യാന്പിലുള്ളവരെത്തി പശുക്കളെ കെട്ടഴിച്ചുവിട്ടു. വെള്ളപ്പൊക്കത്തിൽ ഏഴും ചത്ത് ഒഴുകിപ്പോയി. അല്പപ്രാണനോടെ കിട്ടിയ ഒരു പശുവാണ് ഇപ്പോൾ ബാക്കിയുള്ളത്.
നേരത്തെ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ വീടു നിർമാണം തുടങ്ങിയിരുന്നെങ്കിലും തുക ലഭിക്കാൻ വൈകുന്നതിനാൽ പാതിവഴിയിൽ മുടങ്ങി. പ്രളയത്തിനു മുന്പു തൊഴുത്തിനോടു ചേർന്നു ഷീറ്റ് മേഞ്ഞ കൂരയിലായിരുന്നു താമസം. വെള്ളത്തിൽ അതും ഒലിച്ചുപോയി.
പശുക്കളെ വാങ്ങുന്നതിനു പ്രദേശത്തെ സർവീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പാതുക തിരിച്ചടയ്ക്കാനാകാത്തതിനാൽ ബാലനു ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. അര ലക്ഷം രൂപ വായ്പയെടുത്ത തനിക്കു ജപ്തി ഒഴിവാക്കാൻ ഇപ്പോൾ രണ്ടര ലക്ഷം രൂപ നൽകേണ്ട സ്ഥിതിയാണെന്നു ബാലൻ പറഞ്ഞു. താമസസ്ഥലത്തേക്കുള്ള വഴിയും നിയമപ്രശ്നങ്ങളിലാണ്.
വാർധക്യസഹജമായ രോഗങ്ങളുള്ള ഈ 72 കാരനും ഭാര്യ വിശാലയ്ക്കും 42 വയസുള്ള മകൾ കുമാരിക്കും മറ്റൊരു തൊഴിലിനു പോകാനാവാത്ത സ്ഥിതിയാണ്. ഉപജീവനമാർഗമായിരുന്ന പശുവളർത്തൽ സുമനസുകളുടെ കനിവിൽ പുനരാരംഭിക്കാനായാൽ, ജീവിതം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ നിർധനകുടുംബം.
സിജോ പൈനാടത്ത്