ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറി ഫീസിനെതിരേ വ്യാപക പ്രതിഷേധം. മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടന്നു മരിക്കുന്ന രോഗികളെ മോർച്ചറിയിൽ വച്ചാൽ ഇതുവരെ ഫീസ് വാങ്ങിയിരുന്നില്ല. ഇപ്പോൾ ഫീസ് ഏർപ്പെടുത്തിയതാണ് പരാതിക്ക് കാരണം. അഞ്ഞൂറ് രൂപയാണ് ഒരു ദിവസത്തേക്ക് മൃതദേഹം സൂക്ഷിക്കുന്നതിനായി ആശുപത്രി അധികൃതർ വാങ്ങുന്നത്.
കൂടുതൽ ദിവസം വയ്ക്കുകയാണെങ്കിൽ അത് അനുസരിച്ച് ഫീസ് നൽകണം. പോലീസ് കൊണ്ടുവരുന്ന ബന്ധുക്കളില്ലാത്ത മൃതദേഹമൊഴികെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് മരിക്കുന്നവരുടെതുൾപ്പെടെ വാഹന അപകടമായാലും ആത്മഹത്യയാണെങ്കിലും മൃതദേഹം സൂക്ഷിക്കുന്നതിന് ഫീസ് നൽകിയേ മതിയാവു.
250 രുപയാണ് മുൻ കാലങ്ങളിൽ ഫീസ് വാങ്ങിയിരുന്നത്. അതു പോസ്റ്റ്മോർട്ടത്തിന് ശേഷം വീണ്ടും മൃതദേഹം സൂക്ഷിക്കുന്നതിനും ആശുപത്രിയിൽ വച്ച് മരണപ്പെട്ടശേഷം സംസ്കരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം കാലതാമസം ഉണ്ടായാൽ ഈ സമയം മൃതദേഹം സൂക്ഷിക്കുന്നതിനു് ഫീസ് വാങ്ങുന്ന രീതിയായിരുന്നു മുന്പ് ഉണ്ടായിരിന്നത്.
ഇപ്പോൾ സ്വകാര്യ ആശുപത്രി രീതിയാണ് മൃതദേഹം സൂക്ഷിക്കതിന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ സ്വീകരിച്ചിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി മോർച്ചറിയിൽ കയറ്റിയാൽ അര ദിവസത്തെ വാടകയായി 250 രൂപ നല്കണമെന്നാണ് വ്യവസ്ഥ.
ആശുപത്രി വികസന സമിതി വഴി (എച്ച്ഡിസി) നിരവധി ജീവനക്കാരെ നിയമിക്കുകയും അവർക്ക് വേതനം നൽകുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗമായാണ് മോർച്ചറിയിലെ പിഴിച്ചിൽ.സ്കാനിംഗ്, ലബോറട്ടറി എക്സറേ, തുടങ്ങി എല്ലാ മേഖലയിലും അമിത ഫീസ് ഈടാക്കുന്നത് ജീവനക്കാർക്ക് വേതനം നല്കാനാണെന്ന് പറയുന്നു.
എന്നാൽ സ്വകാര്യ ആശുപത്രികളിൽ മൃദദേഹം സൂക്ഷിക്കുന്നതിനായി വാങ്ങുന്നതിന്റെ പകുതി ഫീസ് മാത്രമേ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വാങ്ങുന്നുള്ളൂവെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.
മോർച്ചറി ഉൾപ്പെടുന്ന ഫോറൻസിക് വിഭാഗം മെഡിക്കൽ കോളജിന്റെ അധീനതയിലാണെങ്കിലും ദൈനംദിന പ്രവർത്തനങ്ങളിൽ ആശുപത്രി സൂപ്രണ്ടിന് ഇടപെടാമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.