നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചില വീഡിയോകളും ചിത്രങ്ങളും വലിയ പ്രചോദനം നല്കുന്നവയാണ്. പ്രളയത്തെ അതിജീവിക്കുന്നതിനായി കഠിനപ്രയത്നത്തിലായിരിക്കുന്ന മലയാളികള്‍ക്ക് പ്രത്യേകിച്ചും ഇപ്പോള്‍ പ്രചോദനാത്മകമായ ദൃശ്യങ്ങള്‍ ഏറെ ആശ്വാസം പകരുന്നുണ്ട്. സമാനമായ രീതിയില്‍ ഏതാനും ദിവസങ്ങളായി ലോകമെമ്പാടും, വലിയ സന്ദേശം പങ്കുവച്ചുകൊണ്ട് പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ മലയാളികളും ഏറ്റെടുത്തിരിക്കുന്നത്.
ഒരു കുരുന്നിന്റെ മനോധൈര്യം വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഒരു കാലില്ലാത്ത ഒരു പെണ്‍കുട്ടി ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതാണ് വീഡിയോ. ഒരു കാലും ഊന്ന് വടിയും ഉപയോഗിച്ചാണ് കുട്ടി ഓടുന്നത്. തോല്‍വി ഉറപ്പാണെന്ന് അറിഞ്ഞിട്ടും പരിശ്രമിച്ച് നോക്കാനുള്ള കുട്ടിയുടെ മനസ്സിനെയാണ് ഏവരും അഭിന്ദിക്കുന്നത്.
മറ്റുള്ളവര്‍ മത്സരത്തില്‍ മുന്നിലാകുമ്പോഴും മത്സരം പാതി വഴിയില്‍ ഉപേക്ഷിക്കാതെ മത്സരം പൂര്‍ത്തിയാക്കുകയാണ് കുട്ടി ചെയ്തത്. ഗാലറിയില്‍ ഇരുന്നവരെല്ലാം ഇത് കണ്ട് എഴുന്നേറ്റ് നിന്നാണ് കൈയ്യടിച്ചത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. കുട്ടിയുടെ ഈ പ്രവൃത്തിയെ എല്ലാവരും പുകഴ്ത്തുകയാണ്. കഴിവുകള്‍ ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്താത്തവര്‍ ഈ കുട്ടിയെ കണ്ട് പഠിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നുള്ളത് വ്യക്തമല്ല.