കാലടി: കാലടി ചെങ്ങലിൽ പ്രവർത്തിക്കുന്ന ബാറിലെ ജീവനക്കാർ എക്സൈസ് ഉദ്യോഗസ്ഥനെ മർദിച്ചതായി പരാതി. തിങ്കളാഴ്ച ഹർത്താൽ ദിനത്തിൽ ഉച്ചയോടെയാണ് സംഭവം. ബാറുകളിൽ അനധികൃതമായി മദ്യ വില്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്ന് ആലുവ ഇന്റലിജൻസ് പ്രിവന്റീവ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധനയ്ക്കെത്തിയിരുന്നു.
പരിശോധനയുടെ ഭാഗമായി ഹർത്താൽ ദിനത്തിൽ പൂട്ടിയ ചെങ്ങലിലെ ബാറിൽ നിന്നും ഗേറ്റിലൂടെയും മറ്റും മദ്യം വില്പന നടത്തുന്നതായി ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ജീവനക്കാരെ ചോദ്യം ചെയ്തു. ഇതിനിടയിൽ മാനേജർ ഉൾപ്പടെയുള്ള മൂന്നംഗ സംഘം മർദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മർദനമേറ്റ എക്സൈസ് ഉദ്യോഗസ്ഥനായ നിസാമിനെ മറ്റൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണക്കുകളിൽ വ്യത്യാസം കണ്ടതിനെത്തുടർന്ന് എക്സൈസ് നിയമപ്രകാരം ബാർ പൂട്ടാൻ നിർദേശം നൽകി.
ജോലിക്കിടയിലെ മർദനവും കൃത്യനിർവഹണം തടസപ്പെടുത്തിയതുമായും ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നതെന്ന് കാലടി സിഐ സജി മാർക്കോസ് പറഞ്ഞു.