തലോർ : ദേശീയപാത ബിആർഡിക്ക് സമീപം കക്കൂസ് മാലിന്യം തള്ളാൻ എത്തിയ മൂന്ന് പേരെയും ടാങ്കർ ലോറിയും പുതുക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച പുലർച്ചെ 3.30ന് ആയിരുന്നു സംഭവം. പോലീസ് പെട്രോളിംഗിനിടെ മാലിന്യം തള്ളാനുള്ള ശ്രമത്തിനിടെ ഇവരെ പിടികൂടുകയായിരുന്നു.
ഡ്രൈവർ മലപ്പുറം കക്കുന്നത്ത് വീട്ടിൽ മുഹമ്മദ് അബ്ദുൾ ജലീൽ, സഹായികളായ തമിഴ്നാട് ചിദംബരം സ്വദേശികളായ അൻപ്, പ്രേംകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ അമല ഭാഗത്തു നിന്നാണ് മാലിന്യം കൊണ്ടുവരുന്നതെന്ന് പോലീസ് പറഞ്ഞു.
ദേശീയപാത ബിആർഡിക്ക് സമീപം മാലിന്യം തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.