ഇന്ധനവില താങ്ങാനാവാതെ നട്ടം തിരിയുകയാണ് രാജ്യത്തെ ജനങ്ങള്‍. ബന്ദും ഹര്‍ത്താലും നടത്തിയതുകൊണ്ടും ഗുണമുണ്ടാവുമെന്ന് കരുതാനാവാത്ത അവസ്ഥ. പെട്രോള്‍ വിലവര്‍ധനവുമായി ബന്ധപ്പെട്ട് ഇപ്പോഴിതാ കൗതുകകരമായ ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നു.
വില ഇത്രയധികം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ധനത്തിന് ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലൂടെ കടന്നുപോകുന്ന വലിയ വാണിജ്യ വാഹനങ്ങളും സംസ്ഥാന അതിര്‍ത്തി പ്രദേശത്തെ ജനങ്ങളും ഇന്ധനം നിറയ്ക്കാന്‍ തൊട്ടടുത്ത സംസ്ഥാനത്തെ പമ്പുകളെ ആശ്രയിക്കുകയാണ്.
ഇതുവഴി വില്‍പ്പന ഗണ്യമായി കുറഞ്ഞതോടെ മധ്യപ്രദേശിലെ പമ്പുകള്‍ക്കുള്ള നഷ്ടം നികത്താന്‍ വലിയ അളവില്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബൈക്ക്, ലാപ്പ്ടോപ്, വാഷിങ് മെഷീന്, എസി തുടങ്ങി നിരവധി ഓഫറുകള്‍ പമ്പുടമകള്‍ വാഗ്ദാനം ചെയ്യുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ട്രക്ക് ഡ്രൈവര്‍ക്ക് സൗജന്യമായി പ്രഭാതഭക്ഷണവും ഡിസ്കൗണ്ടുകളും ചില പമ്പുകള്‍ നല്‍കുന്നുണ്ട്. 5000 ലിറ്റര്‍ ഡീസല്‍ അടിക്കുന്നവര്‍ക്കാണ് ചില പമ്പുകളില്‍ മൊബൈല്‍ ഫോണ്‍, സൈക്കിള്‍, വാച്ച് എന്നിവ സമ്മാനമായി നല്‍കുന്നത്. 15000 ലിറ്റര്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് സോഫ സെറ്റ്, 100 ഗ്രാം സില്‍വര്‍ കോയിന് എന്നിവയും ലഭിക്കും.
25000 ലിറ്റര്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് ഓട്ടോമാറ്റിക്ക് വാഷിങ് മെഷിനാണ് സമ്മാനം. 50000 ലിറ്റര്‍ ഡീസലടിക്കുന്നവര്‍ക്ക് എസി, ലാപ്പ്ടോപ്പ് എന്നിവയും ലഭിക്കും. ഒരു ലക്ഷം ലിറ്റര്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബംമ്പര്‍ സമ്മാനമായി സ്കൂട്ടര്‍/ബൈക്കും പമ്പുടമകള്‍ വാഗ്ദാനം ചെയ്യുന്നു.
തൊട്ടടുത്ത സംസ്ഥാനത്തെ ഡീസല്‍ വിലയേക്കാള്‍ അഞ്ചു രൂപയോളം കൂടുതലുള്ളതിനാല്‍ മധ്യപ്രദേശിലെ അശോക്നഗര്‍, ശിവപുരി എന്നീ അതിര്‍ത്തി ജില്ലകളിലെ 125 പമ്പുകളില്‍ വില്‍പ്പന വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്.