ന്യൂഡൽഹി: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടൻ സൽമാൻ ഖാനെതിരേ കേസ്. ബിഹാറിലെ മുസഫർനഗർ കോടതിയാണ് സൽമാനും മറ്റ് ഏഴു നടൻമാർക്കുമെതിരേ കേസെടുക്കാൻ ഉത്തരവിട്ടത്.
സൽമാന്റെ ഉടമസ്ഥതയിലുള്ള സിനിമാ കന്പനി നിർമിച്ച ലവ് രാത്രി എന്ന ചിത്രത്തിനെതിരേയാണ് ആരോപണം. ചിത്രത്തിന്റെ പേരിന്, ഹിന്ദുക്കൾ ആഘോഷിക്കുന്ന നവരാത്രിയുമായി സാമ്യമുണ്ടെന്നും ഇത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ഒരു അഭിഭാഷകനാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച മുസഫർപുർ കോടതി സൽമാനും മറ്റുള്ളവർക്കുമെതിരേ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.
നേരത്തെ, ലവ് രാത്രി എന്ന പേരിനെതിരേ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷതും രംഗത്തെത്തിയിരുന്നു. രാജ്യത്തെ തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു വിഎച്ച്പി ഇന്റർനാഷണൽ വർക്കിംഗ് പ്രസിഡന്റ് അലോക് കുമാറിന്റെ ഭീഷണി.
ആയുഷ് ശർമയും വറീന ഹുസൈനും മുഖ്യവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ലവ് രാത്രി ഒക്ടോബർ അഞ്ചിനാണു റിലീസ് ചെയ്യുന്നത്.