ധാക്ക : സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ പാക്കിസ്ഥാനെ 3-1ന് തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിലെത്തിയത്. മന്‍വീര്‍ സിംഗിന്റെ ഇരട്ട ഗോളാണ് ഇന്ത്യക്കു ജയമൊരുക്കിയത്. ഫൈനലില്‍ മാലദീപാണ് എതിരാളികള്‍ നേപ്പാളിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനു തോല്‍പ്പിച്ചാണ് മാലദീപ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ 2-0ന് മാലദീപിനെ പരാജയപ്പെടുത്തിയിരുന്നു. ശനിയാഴ്ചയാണ് ഫൈനൽ.
ആദ്യ പകുതിയിൽ ഇരുടീമും ഗോളടിച്ചില്ല. രണ്ടാം പകുതിയില്‍ കൂടുതല്‍ വീര്യത്തോടെയെത്തിയ ഇന്ത്യ കളി തുടങ്ങി മൂന്നു മിനിറ്റായപ്പോള്‍ മന്‍വിര്‍ സിംഗ് വല കുലുക്കി. ആഷിക് കുരുണിയന്റെ മികച്ചൊരു ഓട്ടമാണ് ഗോളിനു വഴിയൊരുക്കിയത്. 69-ാം മിനിറ്റില്‍ മന്‍വിര്‍ സിംഗ് രണ്ടാം ഗോള്‍ നേടി. വിനിത് റായ് യുടെ വേഗത്തിലുള്ള മുന്നേറ്റമാണ് മന്വിറിനു ഗോളിനു കാരണമായത്.
പാക്കിസ്ഥാന്റെ പ്രതിരോധക്കാരെ വെട്ടിച്ചുകൊണ്ടു ചാഗ്തെ പന്ത് വിനിതിനു നല്കി. പന്തുമായി മുന്നേറിയ വിനിത് ഒപ്പമോടിയ മന്വിറിനു നല്കി. ഇതിനിടെ കൗണ്ടര്‍ അറ്റാക്കിംഗുമായി ഇന്ത്യയെ വിറപ്പിക്കാന്‍ പാക്കിസ്ഥാനായി. 84-ാം മിനിറ്റില്‍ സുമിത് പാസി ഇന്ത്യയുടെ ജയം ഉറപ്പിച്ചു. ഇതും ആഷിഖ് കുരുണിയന്റെ ക്രോസില്‍നിന്നായിരുന്നു.
കളി തീരാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ പാക്കിസ്ഥാന് മുഹമ്മദ് അലിയിലൂടെ ഒരു ഗോള്‍ മടക്കി. 86-ാം മിനിറ്റിൽ ഇന്ത്യയുടെ ചാഗ്തെയും പാക്കിസ്ഥാന്റെ മോഷിൻ അലിയും ചുവപ്പ് കാർഡ് കണ്ടു.
ഇന്ത്യക്കൊപ്പമുള്ള പ്രകടനമാണ് പാക്കിസ്ഥാന് പുറത്തെടുത്തത്. 55 ശതമാനം പന്തടക്കമായിരുന്നു ഇന്ത്യക്ക്. മികച്ച നീക്കങ്ങള്‍കൊണ്ട് ഇന്ത്യയെ വിറപ്പിക്കാന്‍ പാക്കിസ്ഥാനായി. സെറ്റ് പീസുകളിലായിരുന്നു പാക്കിസ്ഥാന്റെ ഗോള്ശ്രമങ്ങളത്രയും. ടാര്ഗറ്റിലേക്കു പായിച്ച ഷോട്ടുകളുടെ എണ്ണത്തില്‍ ഇന്ത്യ എട്ടെണ്ണം ഉതിര്‍ത്തപ്പോള്‍ പാക്കിസ്ഥാന് ഏഴെണ്ണവും പായിച്ചു.