കോട്ടയം: ഓട്ടം വിളിച്ചാൽ വരാൻ മടിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ നടപടി വരുന്നു. ചില ഓട്ടോറിക്ഷ ഡ്രൈവർമാർ ചെറിയ ദൂരത്തിലേക്കുള്ള ഓട്ടം വിളിച്ചാൽ വരാൻ തയാറാകാത്ത സാഹചര്യമുണ്ട്. ഇത്തരക്കാർക്കെതിരെ 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കാനാണു മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
യാത്രക്കാർ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി പോകാത്തവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളാണു സ്വീകരിക്കുന്നത്. സവാരി പോകാൻ ഓട്ടോ ഡ്രൈവർ വിസമ്മതിക്കുകയാണെങ്കിൽ വാട്സാപ്പിലൂടെയൊ ഇ-മെയിലിലൂടെയോ യാത്രക്കാർക്കു പരാതി നൽകാം.
8547639101 എന്ന വാട്സ് ആപ്പ് നന്പരിലേക്ക് ഓട്ടോറിക്ഷയുടെ നന്പർ വാട്സ് ആപ്പ് ചെയ്യുകയോ kl [email protected] എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുകയോ ചെയ്യാം. ഓട്ടം വിളിക്കുന്ന സ്ഥലത്തേക്കു പോകാതെ ഓട്ടോറിക്ഷക്കാർക്കു താൽപര്യമുള്ള സ്ഥലത്തേക്കു മാത്രം സവാരിപോകുന്നതായുള്ള പരാതികൾ വർധിച്ച സാഹചര്യത്തിലാണു നടപടിയെന്നു മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ ഏതു ജില്ലയിൽനിന്നും ഈ നന്പരിലേക്ക് വാട്സാപ്പ് സന്ദേശം അയയ്ക്കാം. ഈ നന്പരിൽ ലഭിക്കുന്ന പരാതികൾ ജില്ലകളിലേക്കു കൈമാറി അപ്പോൾ തന്നെ നടപടി സ്വീകരിക്കുമെന്നു ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പത്മകുമാർ അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ നടപടിയുണ്ടാകുമെന്നാണു വകുപ്പ് പറയുന്നത്.