പത്തനംതിട്ട: ജില്ലയുടെ നെല്ലറയായ അപ്പര്‍കുട്ടനാട് കാര്‍ഷികമേഖലയെയും പ്രളയം വല്ലാതെ തളര്‍ത്തി. തുടര്‍ച്ചയായ വെള്ളപ്പൊക്ക കെടുതികളില്‍ നിന്നു മോചിതമായിട്ടില്ലാത്ത അപ്പര്‍കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ പലതും കൃഷിയോഗ്യമല്ലാതായി.
പ്രളയജലം കയറി പാടശേഖരങ്ങളില്‍ പുളിരസം നിലനില്ക്കുന്നു, മണ്ണും ചെളിയും അടിഞ്ഞ് കൃഷിയോഗ്യമല്ലാതായിട്ടുണ്ട്. പുളിരസം നീക്കിയെങ്കില്‍ മാത്രമേ അടുത്ത കൃഷി നടത്താനാകൂ. ഇതിനായി പാടങ്ങളില്‍ കുമ്മായം വിതറുകയാണ് ആദ്യം വേണ്ടതെന്ന് കര്‍ഷകര്‍ പറഞ്ഞു.
നിരണം, നെടുമ്പ്രം, പെരിങ്ങര, കടപ്ര പഞ്ചായത്തുകളിലെ പാടങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുകളും തുടരുകയാണ്. പമ്പ് ഹൗസുകളും മറ്റും വെള്ളത്തിനടിയിലാണ്. ഇവയില്‍ പലതും ഉപയോഗയോഗ്യമല്ല. നഷ്ടത്തിന്റെ പടുകുഴിയിലായ കര്‍ഷകര്‍ പ്രളയക്കെടുതിയിലെ ദുരിതത്തിനുശേഷം കാര്‍ഷിക മേഖലയിലേക്കു കാലെടുത്തുവയ്ക്കണമെങ്കില് ആരെങ്കിലുമൊക്കെ കൈപിടിച്ചുയര്‍ത്തിയേ മതിയാകൂ.
കഴിഞ്ഞവര്‍ഷം പെരിങ്ങര ഗ്രാമപഞ്ചായത്ത് ഹെക്ടറിന് 1000 രൂപ വച്ച് കര്‍ഷകര്‍ക്കു നല്‍കിയിരുന്നു. ഇത്തവണ ഇതു ലഭിച്ചാലും അപര്യാപ്തമാണ്.