ആലപ്പുഴ: പ്രളയ ബാധിതർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 10,000 രൂപ അർഹതപ്പെട്ട അവസാനയാൾക്കും നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഇതിനായി ഓരോ മണ്ഡലത്തിലും അദാലത്തുകൾ സംഘടിപ്പിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും ഇതിൽ പങ്കെടുക്കും.
ജില്ലയിൽ ഇന്നലെവരെ 1,06,659 പേർക്കാണ് 10,000 രൂപ വീതം ധനസഹായം നൽകിയത്. 1,54,819പേർക്ക് അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകളും നൽകി. ചിലയിടങ്ങളിൽ ഏതെങ്കിലും കാരണങ്ങളാൽ ഇവ ലഭ്യമായിട്ടില്ലെങ്കിൽ അത് പരിഹരിക്കുന്നതിനായാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.