പെരുമ്പാവൂർ: ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന രണ്ടുപേർ കോടനാട് പോലീസിന്റെ പിടിയിലായി. നെടുങ്ങപ്ര പനിച്ചയം സ്വദേശി ബിജു (36), പാലാ അന്തിക്കാട് സ്വദേശി ഹരിഗോവിന്ദൻ (56) എന്നിവരാണ് അറസ്റ്റിലായത്. പത്ത് വർഷമായി ഇവർ മോഷം തുടങ്ങിയിട്ട്.
ഏകദേശം 300 ലധികം പവൻ സ്വർണാഭരണങ്ങളും പണവും പ്രതികൾ കവർച്ച ചെയ്തതായി സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടനാട് കുറിച്ചിക്കോട് നിന്ന് ഒരു വർഷം മുൻപ് മോഷണം പോയ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികൾ കുടുങ്ങാൻ ഇടയായത്. മൊബൈൽ പ്രതിയായ ബിജു ഉപയോഗിച്ചിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെഇത് പിന്തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.
കോടനാട്, കോട്ടപ്പടി, കുറുപ്പംപടി, തൊടുപുഴ, പാല തുടങ്ങിയ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ വൻകവർച്ച നടത്തിയിട്ടുണ്ട്. പനിച്ചയത്ത് ചെരുപ്പ് കട നടത്തുന്ന ബിജു പെരുമ്പാവൂർ എംസി റോഡിൽ എസ്ബി ഐക്ക് സമീപമുള്ള ലോഡ്ജിൽ ചീട്ടുകളിക്കായി എത്താറുണ്ട്. ഇവിടെവച്ചാണ് ഹരിഗോവിന്ദനുമായി പരിചയപ്പെടുന്നത്. പൂട്ട് പൊളിക്കുന്നതിൽ വിദഗ്ധനാണ് ഹരിഗോവിന്ദൻ.
ചീട്ടുക്കളയിൽ പണം നഷ്ടപ്പെടുമ്പോൾ അവ ഉണ്ടാക്കാനുളള മാർഗമായിരുന്നു മോഷണമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞത്. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള ഒരു സ്വർണക്കടയിലാണ് മോഷ്ടിക്കുന്ന സ്വർണാഭരണങ്ങൾ വിറ്റുപോന്നത്. മലയാറ്റൂർ നീലീശ്വരം സ്വദേശിയാണ് കടനടത്തുന്നത്. അദ്ദേഹവും പ്രതിയാകുമെന്ന് അന്വേഷണം നടത്തുന്ന പോലീസ് സംഘം പറഞ്ഞു.
ആറ് മാസം മുൻപ് സംശയമുള്ള മോഷ്ടാക്കളെ കുറിച്ച് വിവരം നൽകാൻ കടകളിൽ പോലീസ്കത്ത് നൽകിയിരുന്നു. അന്നേ ദിവസം പ്രതിയായ ബിജു അവിടെ ഉണ്ടായിരുന്നു. ഇതിനു ശേഷവും ഈ കടയിൽ സ്വർണം വിറ്റതായി പ്രതി സമ്മതിച്ചിട്ടുണ്ട്. അതിനാലാണ് ഉടമക്കെതിരേ കേസ് എടുക്കാൻ പോലീസ് തയാറാകുന്നത്. ടൗണിലെ ലോഡ്ജിൽ ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നവരെയും പോലീസ് ചോദ്യം ചെയ്യും