പാലക്കാട്: വീട്ടമ്മയെ ആക്രമിച്ചുപരിക്കേൽപ്പിക്കുകയും ജനവാസമേഖലയിൽ ഭീതിപടർത്തി വിലസുകയും ചെയ്യുന്ന കാട്ടാനയെ തുരത്താനുള്ള ശ്രമം ഇന്നലെ വിജയിച്ചില്ല. രണ്ടാംദിവസമായ ഇന്നും വനം-പോലീസ് , ദ്രുതകർമസേനയുടെ ശ്രമം തുടരുകയാണ്.
മുണ്ടൂർ ഭാഗത്തുനിന്നും കാടിറങ്ങിയ കാട്ടാനകളിലൊന്നാണ് കിലോമീറ്ററുകൾ സഞ്ചരിച്ച് കുഴൽമന്ദംപഞ്ചായത്തിലെ കുത്തന്നൂർ ഭാഗത്തെത്തിയത്. ഇവിടെ മലഞ്ചിറ്റി ഭാഗത്തെ കുന്നിലെ ചെറുവനങ്ങളുടെ ഇടയിലാണ് കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്.
ഇന്നലെ രാവിലെയാണ് ജനവാസമേഖലയിൽ കാട്ടാനയെ കണ്ടത്. ഇതിനിടെ ആനയുടെ മുന്നിൽപ്പെട്ട മായാണ്ടിയുടെ ഭാര്യ ലക്ഷ്മി (65)യെ ആന ആക്രമിച്ചു. തലയ്ക്കും തുടയെല്ലിനും തോളെല്ലിനും പരിക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുണ്ടൂർവഴി ഇതേ ആന മാസങ്ങൾക്കുമുന്പ് ഇവിടെ എത്തിയിരുന്നു. പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര കോളനിയിൽ നിന്നാണ് നാടിനെ വിറപ്പിച്ച് ആനയുടെ യാത്ര തുടങ്ങിയിട്ടുള്ളത്. ഇതിനൊപ്പം ഉണ്ടായിരുന്ന രണ്ടു കാട്ടാനകളെ വനംവകുപ്പ് നേരത്തെ കാട്ടിലേക്ക് തുരത്തിയിരുന്നു.
എന്നാൽ ഈ ആന ദേശീയപാത കടന്ന് കന്പ വള്ളിക്കോട് വഴി പറളി എടത്തറവഴി കുത്തന്നൂരിലെത്തുകയായിരുന്നു. ഇന്നലെ രാത്രി വൈകിയും ആനയെ തുരത്താനുള്ള ശ്രമം നടന്നെങ്കിലും മരങ്ങളുടെ മറപറ്റി നീങ്ങുകമാത്രമാണ് ആന ചെയ്യുന്നത്. ആനയെ തുരത്തുന്നതുമായി ബന്ധപ്പെട്ട് റെയിൽവേയിലേക്ക് ഉൾപ്പടെ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ആനയുടെ ജനവാസമേഖലയിലെ കറക്കം നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.