സ്വന്തം ലേഖകൻ
തൃശൂർ: പ്രളയത്തിൽ ഐഡി കാർഡുകൾ നഷ്ടപ്പെട്ട പിഎസ്സി ഉദ്യോഗാർഥികൾ പരീക്ഷയെഴുതാൻ കഴിയുമോ എന്ന് ആശങ്കപ്പെടേണ്ട. കേരള പിഎസ്സിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഫോം ഡൗണ്‍ലോഡ് ചെയ്ത് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ പരീക്ഷയ്ക്ക് അത് രേഖയായി ഉപയോഗിക്കാം.
കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ പ്രളയക്കടുതിയിൽ നഷ്ടമായെന്നും അതിനാൽ പ്രസ്തുത 15 രേഖകളിൽ ഒന്നുപോലും ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ഉദ്യോഗാർഥി ഫോമിൽ സത്യപ്രസ്താവന ചെയ്യണം. മേൽ സാഹചര്യത്തിൽ ഈ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ തന്നെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്.
ആറു മാസത്തിനകം എടുത്ത ഫോട്ടോയും സാക്ഷ്യപത്രത്തിൽ പതിപ്പിക്കണം. ഫോട്ടോ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ഫോട്ടോയിൽ ഒപ്പിടേണ്ടതും ഒൗദ്യോഗിക പദവിയടക്കം ഓഫീസ് മുദ്ര പതിപ്പിക്കേണ്ടതുമാണ്. പ്രളയത്തിൽ നിരവധി ഉദ്യോഗാർഥികൾക്ക് ഐഡി കാർഡുകളടക്കം പല പ്രധാന രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിഎസ്സി ഇത്തരത്തിൽ സാക്ഷ്യപത്രം നൽകിക്കൊണ്ട് ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാകാതെ നോക്കുന്നത്.
സാക്ഷ്യപത്രം പരീക്ഷാ കേന്ദ്രത്തിൽ ഹാജരാക്കിയാൽ മതി. പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം ഇൻവിജിലേറ്റർമാർ സാക്ഷ്യപത്രം ഉദ്യോഗാർഥിക്ക് തിരിച്ചു നൽകണം. പരീക്ഷാ തീയതിയും തസ്തികയുമെല്ലാം രേഖപ്പെടുത്തിയ സാക്ഷ്യപത്രമായതിനാൽ ഒരു സാക്ഷ്യപത്രം ഒരു തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.