തൃശൂർ: കേരളത്തിലെ പ്രളയദുരിത ബാധിതരെ സഹായിക്കാൻ സൗദി അറേബ്യയിലെ റിയാദിൽ നാടക പ്രവർത്തകർ തുടർപരിപാടികൾക്ക് രൂപം നൽകുന്നു. പ്രളയകാലം എന്ന ടൈറ്റിലിലാണ് നാടകാവതരണങ്ങൾ. പ്രളയകാലത്തെ ഓർമിപ്പിക്കുന്ന 20-30 മിനുറ്റിൽ അവതരിപ്പിക്കാൻ പറ്റിയ നാടകങ്ങൾ അവതരണത്തിനായി ക്ഷണിച്ചു.
നാടകപ്രവർത്തകരോടും എഴുത്തുകാരോടും നാടകങ്ങൾ സമർപിക്കാനാണ് സംഘാടകർ അഭ്യർത്ഥിച്ചിരിക്കുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും അവതരിപ്പിക്കാൻ പറ്റിയ നാടകങ്ങളാണ് വേണ്ടതെന്നും എത്ര കൃതികൾ കിട്ടിയാലും അവ പല സന്ദർഭങ്ങളിലായി സൗദി അറേബ്യയിലെ വിവിധ അരങ്ങുകളിൽ അവതരിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു.
ഈ മാസം 21ന് ആദ്യാവതരണം നടത്തും. ഈ നാടകാവതരണങ്ങളിലൂടെ ലഭ്യമാകുന്ന സഹായങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തെരഞ്ഞെടുക്കുന്ന അർഹരായ നാടകപ്രവർത്തകർക്കും നൽകാനാണ് തീരുമാനം.
സൗദി അറേബ്യായിൽ കേരള സംഗീത നാടക അക്കാദമിയുടെ അഗീകാരത്തോടെ പ്രവർത്തിക്കുന്ന കലാസമിതിയായ നാടകം ഡോട്ട് കോം റിയാദ് നാടകവേദി ആൻഡ് ചിൽഡ്രൻ തിയ്യറ്റർ പ്രവർത്തകരാണ് പ്രവാസ നാടകലോകത്ത് നിന്ന് പ്രളയബാധിതരെ സഹായിക്കാൻ വേറിട്ട രീതിയിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്.
കേരളത്തിലെ പ്രളയാനുഭവങ്ങളും ആ പ്രളയകാലത്തെ ഓർമ്മപ്പെടുത്തുന്നതുമായ ന്ധപ്രളയകാലംന്ധ എന്ന ശീർഷകത്തിൽ നാടകങ്ങളാണ് ഇവർ ഒരുക്കുക. ഇതിനോടകം തന്നെ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി നാടകപ്രവർത്തകർ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.