സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിലെ പ്രളയക്കെടുതിയുടെ നാശനഷ്ടങ്ങൾ വിലയിരുത്താനും സഹായം അനുവദിക്കുന്നതിനുമായി ലോകബാങ്കിന്േറയും എ.ഡി.ബിയുടേയും പത്തംഗ പ്രത്യേക സംഘം തൃശൂരിലെത്തി.
ലോകബാങ്ക് പ്രതിനിധികളായ സീനിയർ റൂറൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് വിനായക് ഘട്ടാട്ടെ, ക്ലൈമറ്റ് റിസ്ക് മാനേജ്മെന്റ് കണ്‍സൾട്ടന്റ് യെഷിക മാലിക്, എൻവിറോണ്മെന്റ് സ്പെഷ്യലിസ്റ്റ് ദീപ ബാലകൃഷ്ണൻ, ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റുമാരായ പീയുഷ് ഷേക്സരിയ, പ്രിയങ്ക ദിസ്സനായകെ, വാട്ടർ ആന്റ് സാനിറ്റേഷൻ കണ്‍സൾട്ടന്റ് പി.കെ. കുര്യൻ, എ.ഡി.ബി പ്രതിനിധികളായ ട്രാൻസ്പോർട്ട് സെക്ടർ സ്പെഷ്യലിസ്റ്റ് അലോക് ഭരദ്വജ്, അർബൻ ആന്റ് വാട്ടർ കണ്‍സൾട്ടന്റ് അനിൽദാസ്, സീനിയർ അർബൻ സ്പെഷ്യലിസ്റ്റ് അശോക് ശ്രീവാസ്തവ, വാട്ടർ സെക്ടർ കണ്‍സൾട്ടന്റ് ജയകുമാർ എന്നിവരാണ് സംഘത്തിലുള്ളത്.
തൃശൂർ ലൂസിയ പാലസിൽ സംഘാംഗങ്ങൾ ജില്ല കളക്ടർ ടി.വി.അനുപമയും വിവിധ വകുപ്പുദ്യോഗസ്ഥരുമായി രാവിലെ കൂടിക്കാഴ്ച നടത്തി. ജില്ലയിലെ പ്രളയദുരന്തങ്ങളുടെ വിശദാംശങ്ങൾ സംഘാംഗങ്ങൾ ജില്ല അധികൃതരോട് ചോദിച്ച് മനസിലാക്കുകയും ചിത്രങ്ങളും ദൃശ്യങ്ങളും കാണുകയും ചെയ്തു.
ഏതെല്ലാം മേഖലകളിലാണ് പ്രളയം ദുരന്തങ്ങൾ വിതച്ചതെന്നും എത്രമാത്രം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും സംഘാംഗങ്ങൾ ചോദിച്ചറിയുകയും ചെയ്തു.ജില്ലയിൽ പ്രളയം വിവിധ മേഖലകളിൽ സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ കണക്കും ലോകബാങ്ക്, എഡിബി സംഘത്തെ ബോധ്യപ്പെടുത്തി.
തുടർന്ന് സംഘാംഗങ്ങൾ ജില്ലയിലെ വിവിധ പ്രളയബാധിത മേഖലകൾ സന്ദർശിച്ചു. പ്രളയം ഏറ്റവുമധികം നാശം വിതച്ച ചാലക്കുടി, മാള മേഖലകളിലും ഉരുൾപൊട്ടലിൽ 19 പേരുടെ മരണത്തിനിടയാക്കിയ വടക്കാഞ്ചേരിക്കടുത്തുള്ള കുറാഞ്ചേരിയിലും സന്ദർശനം നടത്തി.