കൊല്ലം: ഇന്ത്യൻ സൈക്കാട്രിക് സൊസൈറ്റി സംസ്ഥാന ഘടകത്തിന്റെ സമ്മേളനം നാളെ മുതൽ 16വരെ കൊല്ലം തേവള്ളി ഹോട്ടൽ റാവീസിൽ പങ്കെടുക്കും. സംസ്ഥാനത്ത് നിന്നുള്ള 300 ഡോക്ടർമാർ പങ്കെടുക്കും.നാളെ രാവിലെ ഒന്പതിന് കൊല്ലം ബീച്ച് ഹോട്ടലിൽ നടക്കുന്ന സ്കൂൾ അധ്യാപകർക്കും കൗൺസിലർമാർക്കും വേണ്ടിയുള്ള ശിൽപ്പശാല ജില്ലാ കളക്ടർ ഡോ.എസ്.കാർത്തികേയൻ ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെ മാനസിക ആരോഗ്യ പ്രശ്നങ്ങളും പഠന വൈകല്യങ്ങളും എന്നതാണ് ശിൽപ്പശാലയുടെ വിഷയം.നാളെ രാത്രി ഏഴിന് ഹോട്ടൽ റാവീസിൽ നടക്കുന്ന സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് മാനസിക ആരോഗ്യ പ്രശ്നങ്ങളും ക്രമസമാധാനപാലനവും എന്ന വിഷയത്തിൽ മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജോസഫ് പ്രസംഗിക്കും.
15ന് രാവിലെ ഒന്പതുമുതൽ 16ന് ഉച്ചവരെ മാനസിക ആരോഗ്യ ചികിത്സാ രംഗത്തെ വെല്ലുവിളികൾ എന്ന വിഷയത്തിൽ കേരളത്തിന് അകത്തും പുറത്തുമുള്ള വിദഗ്ധ ഡോക്ടർമാർ ക്ലാസുകൾ നയിക്കും.15ന് വൈകുന്നേരം 6.30ന് സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പുന്നൂസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സമ്മേളനത്തിന്റെ ഉദ്ഘാടനം എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് നിർവഹിക്കും. ചടങ്ങിൽ സംഘടനയുടെ പുതിയ പ്രസിഡന്റായി ഡോ.കെ.രവികുമാർ ചുമതലയേൽക്കും.
സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ പ്രളയാനന്തര സാഹചര്യം കണക്കിലെടുത്ത് പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് പ്രത്യേക ശിൽപ്പശാലയും ഉണ്ടായിരിക്കുമെന്ന് സൊസൈറ്റി ഭാരവാഹികളായ ഡോ.രമേഷ് ചന്ദ്രൻ, ഡോ.എം.പി.രാധാകൃഷ്ണൻ, ഡോ.കെ.രവികുമാർ, ഡോ.ആൽഫ്രഡ് സാമുവൽ എന്നിവർ അറിയിച്ചു.