ടെക്നോളജി വളരെയധികം വികസിച്ചുകഴിഞ്ഞു. പ്രതിദിനം വിസ്മയിപ്പിക്കുന്ന തരത്തിലുള്ള അപ്പ്ഡേറ്റുകള്‍ വന്നുകൊണ്ടിരിക്കുന്നു. പലതും വിശ്വസിക്കാന്‍ പോലും പ്രയാസം. ഇപ്പോഴിതാ സൈനികരുടെ പല്ലില്‍ ഘടിപ്പിക്കാവുന്ന ഫോണുമായി അമേരിക്ക എത്തിയിരിക്കുന്നു.
യുദ്ധമേഖലയില്‍ വാര്‍ത്താ വിനിമയം സുഗമമാക്കുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ അമേരിക്കന്‍ വ്യോമസേന ലക്ഷ്യമിടുന്നത്. പല്ലിന്റെ പ്രകമ്പനങ്ങളെ ശബ്ദതരംഗങ്ങളാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. 100 കോടിയോളം രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്ന മോളാര്‍ മൈക്ക് സംവിധാനമെന്ന പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത് സൊണിറ്റസ് ടെക്നോളജീസ് എന്ന കമ്പനിയാണ്.
വെള്ളത്തെ പ്രതിരോധിക്കുന്ന മൈക്രോഫോണും വയര്‍ലെസ് റീച്ചാര്‍ജബിള്‍ ബാറ്ററിയുമാണ് മോളാര്‍ മൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. സൈനികര്‍ക്കൊപ്പം വ്യവസായശാലകളിലെ തൊഴിലാളികള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കുമെല്ലാം മോളാര്‍ മൈക്ക് ഉപകാരപ്രദമായിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും സൈനികര്‍ ഉപയോഗിച്ചതിന് ശേഷമായിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം.
പുത്തന്‍ സാങ്കേതിക വിദ്യയില്‍ സംസാരിച്ച് പരിശീലിക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചയോളം സമയമെടുക്കും’- കമ്പനി ചീഫ് എക്സിക്യുട്ടീവ് പീറ്റര്‍ ഹാഡ്രോവിക് പറഞ്ഞു. മോളാര്‍ മൈക്ക് അണപ്പല്ലില്‍ ക്ലിപ്പ് ചെയ്തു വെക്കാന്‍ സാധിക്കുന്നതിനാല്‍ ഏത് പ്രതികൂല സാഹചര്യത്തിലും ശബ്ദം പകര്‍ത്തിയെടുക്കാന്‍ ഉതകുന്നതാണ്.
അസ്ഥിയിലൂടെ ശബ്ദപ്രവാഹം നടത്താവുന്ന സ്പീക്കര്‍ സംവിധാനത്തിലൂടെയാണ് ചെവിയിലേക്കും പല്ലിലേക്കും ശബ്ദതരംഗങ്ങള്‍ എത്തുന്നത്. വെള്ളത്തിനടിയിലും, ആകാശത്തും, ജീവന്‍രക്ഷാ മുഖംമൂടി ധരിച്ചിരിക്കുന്ന അവസ്ഥയില്‍പോലും മോളാര്‍മൈക്കിലൂടെ വാര്‍ത്താവിനിമയം സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.