കണ്ണൂർ: ദേശീയ പാതയിൽ കല്യാശേരി വയക്കര പാലത്തിന് സമീപം ചരക്കുലോറിക്ക് തീപിടിച്ച് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ആർക്കും പരിക്കില്ല. ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് സൈക്കിൾ സ്പെയർ പാർട്സുമായി പോകുകയായിരുന്ന ലോറിയിൽ നിന്ന് രാത്രി 10 മണിയോടെയാണ് പുക ഉയരുന്നത് കണ്ടത്.
ഉടൻ തന്നെ പുറകിൽ യാത്ര ചെയ്യുകയായിരുന്ന ബൈക്ക് യാത്രികൻ ലോറിക്ക് കുറുകെ നിറുത്തി ഡ്രൈവറോട് കാര്യം പറഞ്ഞതോടെയാണ് ഡ്രൈവർ ലോറി നിറുത്തിയത്.ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന തട്ടുകടക്കാരൻ കണ്ണപുരം പോലീസിലും അഗ്നിശമന സേനാവിഭാഗത്തേയും അറിയിച്ചു.
അപ്പോഴേയ്ക്കും പ്രദേശമാകെ പുക കൊണ്ടുമൂടിയിരുന്നു. അര മണിക്കൂറിനുളളിൽ കണ്ണൂരിൽ നിന്നും, തളിപ്പറന്പിൽനിന്നുമായി രണ്ട് ടീം അഗ്നിശമന സേനാ വിഭാഗം എത്തിയാണ് വെള്ളം ചീറ്റി പുക നിയന്ത്രണ വിധേയമാക്കിയത്. ലോറി ഭാഗികമായി കത്തിനശിച്ചു. ലോറി ഡ്രൈവർ ഹരിയാന സ്വദേശി പാഞ്ചു, ക്ലീനർ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
രാത്രി 12 മണിയോടെയാണ് ചരക്ക് ലോറിയിലെ സാധനങ്ങൾ പൂർണമായി നാട്ടുകാരുടെ സഹായത്തോടെ പുറത്ത് എത്തിച്ചത്. ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ ലോറി തെന്നുകയും ബാറ്ററിയിൽ നിന്നും ഷോർട്ട് സർക്കൂട്ട് ആയതുമാണ് പുക ഉയരാൻ കാരണമാതെന്നാണ് സൂചന.
വളപട്ടണം , തളിപ്പറമ്പ് , കണ്ണപുരം പോലീസ് സ്റ്റേഷനുകളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.പുക ഉയരുന്നത് കണ്ട് വിവരം നൽകിയ ബൈക്ക് യാത്രികന്റെ സമയോചിത ഇടപെടലും നാട്ടുകാരുടെ ശ്രമവുമാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സംഭവമറിഞ്ഞ് വളപട്ടണം, കണ്ണപുരം സ്റ്റേഷനുകളിൽനിന്നും പോലീസ് സ്ഥലത്തെത്തി.
നിരവധി ജനങ്ങളും സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഇതുവഴി വന്ന വാഹനങ്ങൾ കീച്ചേരി വഴി തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.