പേരാമ്പ്ര: അടയ്ക്ക പറിക്കുന്നതിനിടെ കുടുംബനാഥൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ. ഓട്ടോ ഡ്രൈവറായ ചക്കിട്ടപാറ പിള്ളപെരുവണ്ണയിലെ ഇടിക്കുഴി മുകളേല്‍ ഷിബു (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അലൂമിനിയം ഗോവണി ഉപയോഗിച്ച് കമുകില്‍ കയറി അടയ്ക്ക പറിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
ഷോക്കേറ്റ് വീണ ഷിബുവിനെ പിടിച്ച ഭാര്യ ജിൻസിക്കും ഗുരുതര പരിക്കേറ്റിരുന്നു. ഇവർ ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്ന ഭാഗത്ത് 11 കെവി ലൈൻ വളരെ താഴ്ന്നാണുള്ളത്. ഇരു വശത്തും മരങ്ങൾ ലൈനിനോട് ചേർന്നാണുള്ളത്. അപകടം നടന്ന കമുകും വൈദ്യുതി ലൈനും തമ്മിലുള്ള അകലം 70 സെന്റിമീറ്ററിൽ താഴെയാണ്.
പെരുവണ്ണാമൂഴി ചക്കിട്ടപാറ റൂട്ടിൽ 40 വർഷം മുമ്പ് സ്ഥാപിച്ച ലൈനാണിത്. അന്നിവിടം നെൽവയലാണ്. പിന്നീടിവിടം കൃഷിഭൂമിയായി. വീടുകളും വന്നു. ലൈനിന്റെ ചുവട്ടിലടക്കം റബറും തെങ്ങുമൊക്കെ നട്ടിട്ടുണ്ട് കർഷകർ. തടയേണ്ടവർ അതിനു മുതിർന്നില്ല.
ലൈൻ മാറ്റി റോഡിലൂടെയാക്കണമെന്നു ആവശ്യപ്പെട്ടു നാലു വർഷം മുമ്പ് നാട്ടുകാർ ചക്കിട്ടപാറ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകി. ലക്ഷങ്ങൾ ചെലവു വരുന്ന എസ്റ്റിമേറ്റ് തയാറാക്കിയതോടെ ഇക്കാര്യം വഴിമുട്ടി.
ഹൈടെൻഷൻ ലൈനിനോട് ചേർന്നു അപകടകരമാംവിധം മരങ്ങൾ നിൽക്കുന്നത് അധികൃതർ കണ്ടില്ലെന്നു നടിച്ചതാണ് ഒരു കുടുംബത്തിന്റെ അത്താണി തകർത്തത്.
ഷിബുവിന്റെ കുടുംബത്തിന് നഷ്ട പരിഹാരം നൽകാൻ വൈദ്യുതി വകുപ്പ് നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാർ ഇപ്പോൾ ഉയർത്തുന്ന ആവശ്യം.