വ്യവസായിയേയും കുടുംബത്തേയും മരിച്ച നിലയില്‍ കണ്ടെത്തി. 45കാരനായ വ്യവസായി കുനാല്‍ ത്രിവേദിയേയും ഭാര്യയും മകളുമാണ് മരിച്ചത്. അഹമ്മദാബാദിലെ അപ്പാര്‍ട്ട്മെന്റിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്. കുനാല്‍ തിവാരിയെ തൂങ്ങി മരിച്ച നിലയിലും ഭാര്യ കവിത (45), മകള്‍ ഷ്രീന്‍ (16) എന്നിവരുടെ മൃതദേഹങ്ങള്‍ അപ്പാര്‍ട്ട്മെന്റിന്റെ തറയിലുമാണ് കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെയും ഭാര്യയുടേയും മകളുടേയും മരണത്തിന് പിന്നില്‍ ദുഷ്ടാത്മാക്കളാണെന്ന് ത്രിവേദി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. അമ്മ ജയശ്രീബെന്നിനെ അഭിസംബോധന ചെയ്താണ് കത്ത്. താന്‍ ഒരിക്കലും സ്വമേധയാ മദ്യപിച്ചിട്ടില്ലെന്നും ദുഷ്ടാത്മാക്കള്‍ തന്നെ കീഴ്പ്പെടുത്തുകയായിരുന്നെന്നും ഇയാള്‍ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
കവിത എഴുതിയ മറ്റൊരു ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ മുന്‍ കാമുകിയുടെ ആത്മാവാണ് തങ്ങളുടെ മരണത്തിന് പിന്നിലെന്നാണ് ഈ കത്തില്‍ കവിതയുടെ ആരോപണം. കുനാലിന്റെ മാതാവ് ജയശ്രീബെന്നിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ ചോദ്യം ചെയ്യാനായാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.