കോട്ടയം: പ്രളയത്തിനുശേഷം ആറുകളും തോടുകളും വറ്റിയതോടെ പടിഞ്ഞാറൻമേഖലയിൽ ജലക്ഷാമം രൂക്ഷം. ജലഅഥോറിറ്റിയുടെ പൈപ്പിലൂടെ ശുദ്ധജലം എത്താത്തതും ദുരിതം ഇരട്ടിയാക്കി. കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ മേഖലകൾ, തിരുവാതുക്കൽ, അയ്മനം, ആർപ്പൂക്കര, ഇല്ലിക്കൽ, പതിനഞ്ചിൽക്കടവ്, ചീപ്പുങ്കൽ തുടങ്ങിയ മേഖലകളിലാണ് ശുദ്ധജലക്ഷാമം രൂക്ഷമായത്.
വെള്ളപ്പൊക്കത്തിൽ പൈപ്പ് ലൈനിലുണ്ടായ പ്രശ്നങ്ങൾക്കു പുറമേ വെള്ളം പന്പ് ചെയ്യുന്ന കേന്ദ്രങ്ങളിൽ ചെളിനിറഞ്ഞ് തടസം നേരിട്ടതാണ് ജലവിതരണം മുടങ്ങാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. നേരത്തെ ആഴ്ചയിൽ രണ്ടുദിവസമെങ്കിലും വെള്ളംകിട്ടിയിരുന്നു. ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് ജലമെത്തുന്നത്.
പൂവത്തുംമൂട്ടിലെ പന്പ് ഹൗസിലെ കിണറിൽ ചളിനിറഞ്ഞ് ശുദ്ധജലം പന്പിംഗ് തടസസപ്പെട്ടു. രണ്ടുപ്രളയത്തിലും ട്രാൻസ്ഫോമർ മുങ്ങിയപേരൂരിലെ പന്പ് ഹൗസിലെ ജലവിതരണവും നിർത്തിവക്കേണ്ട സാഹചര്യവും കുടിവെള്ളവിതരണത്തെ ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സമയത്ത് പടിഞ്ഞാറൻമേഖലയിൽ പലയിടത്തും അഞ്ചടിവെള്ളം വരെ ഉയർന്നിരുന്നു.
വീടുകളുടെ കട്ടളപ്പൊക്കത്തിൽവരെ ജലമെത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ എക്കൽ അടിഞ്ഞ് തോടുകളുടെ ജലസംഭരണശേഷിയും കുറഞ്ഞു. ഇതിനൊപ്പം താപനില ഉയർന്നത് ചൂടിന്റെ കാഠിന്യം വർധിപ്പിച്ചു. പടിഞ്ഞാറൻ മേഖലയിലെ പലതോടുകളുടെയും വെളളം വറ്റി വള്ളങ്ങൾക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.
കുമരകം ബോട്ട് ജെട്ടി തോട്ടിലെ വെള്ളം താഴ്ന്നതിനാൽ വേഗംകുറച്ചാണ് ജലഗതാഗതവകുപ്പ് ബോട്ടുകൾ സർവീസ് നടത്തുന്നത്. കോടിമത ഭാഗത്ത് കുടിവെള്ളം ലഭ്യമല്ലാതായിട്ട് വർഷം അഞ്ച് കഴിഞ്ഞു. റോഡ് നിർമാണത്തിനിടെ പൈപ്പ് ലൈൻ നശിച്ചുപോയത് ഇതുവരെ പുതുക്കി പണിതിട്ടില്ല. ഇവർക്കു കുടിവെള്ളം ലഭ്യമാക്കാൻ നടപടി ഒന്നുമായിട്ടില്ല.
ചിലയിടങ്ങളിൽ വേനൽക്കാലത്തിന് സമാനമായരീതിയിലാണു കിണറുകളിൽ വെളളംവറ്റിയത്. മീനച്ചിൽ, മണിമല, പന്പ, അഴുത നദികളിലാണ് ജലനിരപ്പ് താഴ്ന്നത്. ജില്ലയിലെ പ്രധാനനദിയായ മീനച്ചിലാർ കൂടുതൽ ഭീഷണിയാണ് നേരിടുന്നത്. കൂടുതൽ കൈവഴികളുള്ള മീനച്ചിലാറിൽ ഒഴുക്ക് ഗണ്യമായി കുറഞ്ഞു. പ്രളയത്തിനുശേഷം തീരങ്ങൾ വ്യാപകമായി മണ്ണിടിഞ്ഞ് നീരുറവകളുടെ സ്ത്രോസുകളും അടഞ്ഞു. വരുംദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം കൂടിയാൽ ജലക്ഷാമം കൂടുതൽ രൂക്ഷമാകും.