തൃശൂർ: പ്രളയബാധിതരെ സഹായിക്കാൻ വേണ്ടിയുളള ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചപ്പോൾ തൃശൂർ ജില്ലയിൽ നിന്ന് ലഭിച്ചത് 5,70,18,017 രൂപയുടെ സംഭാവന. എഴു താലൂക്കുകളിൽ നിന്നായി 4,58,18,017 രൂപയും സ്കൂളുകൾ കേന്ദ്രീകരിച്ച് 1,12,00,000 രൂപയും സമാഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നാളെ വരെ ഫണ്ട് സമാഹരിക്കാനാണ് പരിപാടി.
ജില്ലയിലെ വിവിധ താലൂക്കുകളിൽ മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ എന്നിവർ ചേർന്നാണ് തുക കൈപ്പറ്റിയത്. സഹോദരി മാരായ കടുപ്പശേരി ചിന്നത്ത് വീട്ടിൽ സുലോചന പദ്മനാഭനും എടക്കുളം ഉള്ളാട്ട് വീട്ടിൽ സുജാത സുരേന്ദ്രനും കോടശേരി വില്ലേജിൽ തങ്ങൾക്ക് പിതൃ സ്വത്തായി ലഭിച്ച 10 സെന്റ് ഭൂമിയുടെ ആധാരം മന്ത്രിമാർക്കു കൈമാറി.
തൃശൂർ താലൂക്കിൽ നടന്ന സമാഹരണത്തിൽ ഗീതാഗോപി എംഎൽഎ, മേയർ അജിത ജയരാജൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശൻ, തിരുവന്പാടി ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രഫ. പി. ചന്ദ്രശേഖരൻ, പ്രഫ. എം. മാധവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
ദേവസ്വം ബോർഡ് ജീവനക്കാർ, കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ, തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ, കാംകോ, കേരള വിഷൻ, അന്പാടി നഗർ നിവാസികൾ, പെൻഷൻകാർ തുടങ്ങി നിരവധി പേർ നേരിട്ടെത്തി ധനസഹായം നൽകി.
തൃശൂർ താലൂക്കിൽ നിന്നുമാത്രം 1,88,00,000 രൂപ സമാഹരിക്കാനായി.തലപ്പിള്ളി താലൂക്കിൽ 14,34,411 രൂപയാണ് സമാഹരിച്ചു നൽകിയത്. അനിൽ അക്കര എംഎൽഎ, തഹസിൽദാർ റോഷന ഹൈദ്രോസ് തുടങ്ങിയവർ സന്നിഹിതരായി. കുന്നംകുളം താലൂക്കിൽ 36,58,250 രൂപ സമാഹരിച്ചു.
ചാവക്കാട് താലൂക്കിൽ 1,13,00,000 രൂപയാണ് ലഭിച്ചത്. എംഎൽഎമാരായ മുരളി പെരുനെല്ലി, കെ.വി. അബ്ദുൾ ഖാദർ, ഗീതാ ഗോപി, തഹസിൽദാർ കെ. പ്രേമചന്ദ് തുടങ്ങിയവർ സന്നിഹിതരായി. കൊടുങ്ങല്ലൂർ താലൂക്കിൽ 19,52,000 രൂപ കൈമാറി. എംഎൽഎമാരായ ഇ.ടി. ടൈസണ്, വി.ആർ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
മുകുന്ദപുരം താലൂക്കിൽനിന്ന് 47,62,000 രൂപ മന്ത്രിമാർക്കു കൈമാറി. പ്രഫ. കെ.യു. അരുണൻ എംഎൽഎ പങ്കെടുത്തു. ചാലക്കുടി താലൂക്കിൽനിന്ന് 39,11,356 രൂപയാണ് ലഭിച്ചത്. എംഎൽഎമാരായ ബി.ഡി. ദേവസി, വി.ആർ. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.